ട്രംപിന്റെ അടുത്ത സുഹൃത്ത്; ഇന്ത്യയിലെ പുതിയ അമേരിക്കൻ അംബാസഡറായി സെർജിയോ ഗോറിനെ നിയമിച്ച് അമേരിക്ക
ഇന്ത്യയിലെ പുതിയ അമേരിക്കൻ അംബാസഡർ ആയി സെർജിയോ ഗോറിനെ നിയമിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ചെെനയുമായുള്ള എണ്ണ ഇറക്കുമതിയ്ക്ക് പിന്നാലെ ഇന്ത്യയ്ക്ക് അധിക നികുതി ചുമത്തിയതിനെ തുടർന്ന് ഇന്ത്യ- അമേരിക്ക ബന്ധം വഷളായതിന് പിന്നാലെയാണ് തൻ്റെ ഏറ്റവും അടുത്ത സുഹൃത്തായ സെർജിയോ ഗോറിനെ ഇന്ത്യയിലെ അംബാസഡറായി ട്രംപ് നിയോഗിച്ചിരിക്കുന്നത്. ദക്ഷിണ- മധ്യ ഏഷ്യയിലെ പ്രത്യേക പ്രതിനിധിയുടെ ചുമതലയും സെർജിയോ ഗോറിന് നൽകിയിട്ടുണ്ട്. വൈറ്റ് ഹൗസിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായാണ് സെർജിയോ ഗോർ അറിയപ്പെടുന്നത്.
ഇന്ത്യ- അമേരിക്ക ബന്ധം അധിക നികുതി ചുമത്തലിനെ തുടർന്ന് വഷളായ സാഹചര്യത്തിലാണ് ട്രംപ് തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗോറിനെ ഇന്ത്യയിലേക്കുള്ള അംബാസഡറായി തെരഞ്ഞെടുത്തത്. വൈറ്റ് ഹൗസിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായി പരിചിതനായ ഗോർ, നിലവിൽ പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിന്റെ ഡയറക്ടറാണ്. എറിക് ഗസറ്റിയുടെ പകരക്കാരനായാണ് അദ്ദേഹം ഇന്ത്യയിലേക്ക് വരുന്നത്.
“ഗോർ ഏറെക്കാലമായി എന്റെ ഒപ്പം നിന്ന വലിയൊരു സുഹൃത്താണ്. ഇന്ത്യയിലെ അടുത്ത അംബാസഡറായും തെക്ക്- മധ്യ ഏഷ്യയിലെ പ്രത്യേക പ്രതിനിധിയായും അദ്ദേഹത്തെ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്” – എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ കുറിച്ചു.
ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിലാണ് ഗോർ ജനിച്ചത്. പിന്നീട് ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ പഠനം പൂർത്തിയാക്കി. റിപ്പബ്ലിക്കൻ പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന ഗോർ, 2008ലെ അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ജോൺ മക്കെയ്ൻ്റെ പ്രചാരണത്തിൽ പങ്കാളിയായിരുന്നു. 2013-ൽ കെന്റക്കി സെനറ്റർ റാൻഡ് പോളിന്റെ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയിൽ കമ്മ്യൂണിക്കേഷൻ ഡയറക്ടറായി അദ്ദേഹം നിയമിതനായി. പിന്നീട് സ്വന്തം പ്രസാധനസ്ഥാപനത്തിലൂടെ ട്രംപിനെക്കുറിച്ച് നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും, ട്രംപിനുവേണ്ടി രൂപീകരിച്ച ‘റൈറ്റ് ഫോർ അമേരിക്ക’ എന്ന പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയെ നയിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം നവംബറിൽ വൈറ്റ് ഹൗസ് പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിന്റെ ഡയറക്ടറായി നിയമിതനായ ഗോർ, ഇപ്പോൾ ഇന്ത്യയിലെ അമേരിക്കൻ അംബാസഡറായും തെക്ക്- മധ്യ ഏഷ്യയിലെ പ്രത്യേക പ്രതിനിധിയായും ചുമതലയേൽക്കുകയാണ്.
Tag: Trump’s close friend; US appoints Sergio Gore as new US ambassador to India