എംപിക്കെതിരെ പരാതി നല്‍കിയ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു
ദില്ലി: എംപിക്കെതിരെ പീഡന പരാതി നല്‍കിയ യുവതി തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. സുപ്രീം കോടതി പരിസരത്തു നിന്നാണ് തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചത്. പൊള്ളലേറ്റ പെണ്‍കുട്ടിയേയും സുഹൃത്തിനെയും ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുപിയില്‍ നിന്നുള്ള ബിഎസ്പി എംപി അതുല്‍ റായ് പ്രതിയായ കേസിലെ പരാതിക്കാരിയായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 2019 ല്‍ റായിയുടെ വാരാണസിയിലെ അപ്പാര്‍ട്‌മെന്റില്‍ വച്ചു പീഡിപ്പിച്ചെന്നും വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പെണ്‍കുട്ടിയുടെ പരാതി.
കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ കടക്കാന്‍ ശ്രമിച്ച ഇവരെ മതിയായ രേഖകളില്ലാത്തതിനെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ ഇരുവരെയും ഡി ഗേറ്റിനു മുന്നില്‍ തടഞ്ഞിരുന്നു. പിന്നാലെ കോടതി സമുച്ചയത്തിനു പുറത്തെ ഭഗ്‌വാന്‍ദാസ് റോഡിലായിരുന്നു യുവതിയുടെയും സുഹൃത്തിന്റെയും ആത്മഹത്യ ശ്രമം.
തീകൊളുത്തും മുന്‍പ് ഇവര്‍ വീഡിയോ ചിത്രീകരിച്ചിരുന്നു. ഇതില്‍ എംപിയെ രക്ഷിക്കാന്‍ ഒരു ജഡ്ജി, ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍, യുപി പൊലീസിലെ മുന്‍ ഐജി, എന്നിവര്‍ ശ്രമിക്കുന്നതായും ആരോപിച്ചിരുന്നു. അതേസമയം അതുല്‍ റായിയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും എതിരെ പൊലീസ് കേസെടുത്തിരുന്നു.