ആശ്വാസം; ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്റാഈലും ഹമാസും
ഗാസ സിറ്റി | 11 ദിവസങ്ങള്‍ നീളുകളും 232 ഫലസ്തീനികളുടെ മരണത്തിനിടയാക്കുകയും ചെയ്ത രക്ത രൂക്ഷിത പോരാട്ടത്തിനൊടുവില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം. ഹമാസും ഇസ്റാഈലും തമ്മിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഈജിപത് നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് വിജയം കണ്ടത്. വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഹമാസും ഇസ്റാഈലും സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണി മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് ഹമാസ് വ്യക്തമാക്കി.
രക്തച്ചൊരിച്ചിലിനെക്കുറിച്ച് ആഗോളതലത്തില്‍ ആശങ്ക ശക്തമാകുന്നതിനിടെയാണ് വെടിനിര്‍ത്തല്‍ തീരുമാനമുണ്ടായത്. യുഎസ് പ്രസിഡന്റ് ജോ ബിഡന് ഉള്‍പ്പെടെ ഇസ്റാഈലിനെതിരെ രംഗത്ത് വരികയും ഈജിപ്ത്, ഖത്തര്‍, ഐക്യരാഷ്ട്രസഭ എന്നിവയുടെ നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടന്നുവരികയും ചെയ്തിരുന്നു.
വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതിന് സഹകരിക്കാന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇസ്റാഈലിലേക്കും ഫലസ്തീനിലേക്കും രണ്ട് പ്രതിനിധികളെ അയച്ചതായി ഈജിപ്ഷ്യന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. 2014 ന് ശേഷമുള്ള ശക്തമായ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ വെടിനിര്‍ത്തല്‍ കരാര്‍ സഹായിക്കുമെന്നാണ് കരുതുന്നത്.
കിഴക്കന്‍ ജറുസലേമില്‍ കൂടുതല്‍ ഭാഗത്ത് കുടിയേറ്റം നടത്താനുള്ള ഇസ്റാഈല്‍ നീക്കത്തിനെതിരെ ഫലസ്തീനികള്‍ നടത്തിയ പ്രതിഷേധം ഇസ്റാഈല്‍ വലിയ ആക്രമണങ്ങള്‍ക്ക് അവസരമാക്കി മാറ്റുകയായിരുന്നു. നിരവധി ഫലസ്തീന് കുടുംബങ്ങളെ ഷെയ്ഖ് ജറയിലെ വീടുകളില്‍ നിന്ന് നിര്‍ബന്ധിതമായി പുറത്താക്കിയതായിരുന്നു തുടക്കം. ഇതിനെതിരെ മസ്ജിദുല്‍ അഖ്സയില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് അതിക്രമം അഴിച്ചുവിട്ടു. റമസാനില്‍ രാത്രി നമസ്കാരം നിര്‍വഹിക്കുമ്ബോഴായിരുന്നു മസ്ജിദിനകത്ത് നരനായാട്ട്. ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗാസയുടെ അധികാരമുള്ള ഹമാസ് രംഗത്തെത്തിയതോടെ ഇസ്റാഈല്‍ വ്യോമാക്രമണം തുടരുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ 11 ദിവസമായി അതിരൂക്ഷമായ ആക്രമണമാണ് ഇസ്റാഈല്‍ നടത്തിയത്. അക്രമത്തില്‍ 65 കുട്ടികളും 39 സ്ത്രീകളുമടക്കം 232 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,900 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗാസയില്‍ 160 പോരാളികളെയെങ്കിലും കൊന്നതായി ഇസ്റാഈല്‍ അറിയിച്ചു.
ഇസ്രായേലില്‍ മരണസംഖ്യ 12 ആയി. അധികൃതര്‍ നൂറുകണക്കിന് ആളുകള്‍ക്ക് റോക്കറ്റ് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.