വില്ലേജ് ഓഫിസര്‍മാര്‍ക്ക് ഔദ്യോഗിക വാഹനമായി ഇനി ഇലക്ട്രിക് കാര്‍
വില്ലേജ് ഓഫിസര്‍മാര്‍ക്ക് ഔദ്യോഗിക വാഹനമായി ഇലക്ട്രിക് സ്‌കൂട്ടറിന് പകരം ഇലക്ട്രിക് കാറുകള്‍ നല്‍കാനുള്ള ആശയവുമായി സര്‍ക്കാര്‍. ഇതിന് മുന്നോടിയായി വില്ലേജ് ഓഫിസുകള്‍ക്കു ഇത്തരം കാര്‍ പങ്കു വെച്ച് ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന കാര്യം അറിയാന്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ കലക്ടര്‍മാരോട് ശുപാര്‍ശ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിടുണ്ട്.
വില്ലേജിനെ സംബന്ധിച്ച വിവരങ്ങള്‍ അതായത് വില്ലേജിന്റെ വിസ്തൃതി, ജനസംഖ്യ, ഭൂമിശാസ്ത്ര ഘടന എന്നിവ നിരീക്ഷിച്ചുകൊണ്ടാകണം കലക്ടര്‍ ശുപാര്‍ശ നല്‍കേണ്ടത്. താലൂക്ക് അടിസ്ഥാനത്തിലാകണം വാഹനം പങ്കുവയ്ക്കേണ്ട ഓഫിസുകളുടെ പേര് നല്‍കേണ്ടത്. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ ഒരു ജില്ലയില്‍ എത്ര വാഹനമാണ് ആവിശ്യം വരിക എന്നതിനെ കുറിച്ച് 2 ദിവസത്തിനുള്ളില്‍ അറിയക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പിണറായി സര്‍ക്കാരിന് മുമ്പ് 2011-16 കാലഘട്ടത്തിലായി യുഡിഎഫ് സര്‍ക്കാര്‍ വില്ലേജ് ഓഫിസര്‍മാര്‍ക്ക് ഔദ്യോഗിക വാഹനമായി ഇരുചക്രവാഹനം എന്ന ആശയം കൊണ്ടു വന്നിരുന്നു. എന്നാല്‍ അത് പ്രായോഗികമാകില്ലെന്ന ധനവകുപ്പ് എത്തിര്‍പ്പ് പ്രകടിപ്പിച്ചതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
തുടര്‍ന്ന് റവന്യു വകുപ്പിന്റെ ചുമതല മന്ത്രി കെ.രാജന്‍ ഏറ്റെടുത്ത ശേഷം വില്ലേജ് ഓഫിസര്‍മാരുമായി ചര്‍ച്ച നടത്തിയതിലൂടെയാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന ആശയം ഉയര്‍ന്നു വന്നത്. അതേസമയം വില്ലേജ് ഓഫിസര്‍മാര്‍ക്ക് ദിനം പ്രതി ജോലിഭാരം കൂടിവരികയും ഒപ്പം യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുകയുമാണ്. എന്നാല്‍ തുച്ഛമായ തുകയാണ് ഇവരുടെ യാത്രാബത്ത എന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇലക്ട്രിക് കാര്‍ എന്ന ആശയത്തിലേക്ക് എത്തിയത്.