കോതമംഗലത്ത് ടിടിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് റമീസ് പൊലീസ് കസ്റ്റഡിയിൽ
കോതമംഗലത്ത് ടിടിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യ കേസിൽ ആണ്‍സുഹൃത്ത് റമീസ് പൊലീസ് കസ്റ്റഡിയിൽ. കോതമംഗലം കറുകടം ഞാഞ്ഞൂൽമല നഗരിലെ കടിഞ്ഞുമ്മേൽ പരേതനായ എൽദോസിന്റെ മകൾ സോന എൽദോസ് (21) മരണപ്പെട്ട സംഭവത്തിലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനായ റമീസിനെ പിടികൂടി ചോദ്യം ചെയ്യുന്നത്.
ശനിയാഴ്ച ഉച്ചയ്ക്കാണ് സോനയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വീട്ടിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മതം മാറാൻ നിർബന്ധിക്കുകയും വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിക്കുകയും ചെയ്തുവെന്ന് കുറിപ്പിൽ സോന ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
വിവാഹം കഴിക്കണമെങ്കിൽ മതംമാറ്റം വേണമെന്നായിരുന്നു റമീസിന്റെയും കുടുംബത്തിന്റെയും ആവശ്യം. രജിസ്റ്റർ വിവാഹം നടത്താമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയെങ്കിലും, വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിക്കുകയായിരുന്നുവെന്നും ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാൻ കഴിയില്ലെന്നും കുറിപ്പിൽ സോന വ്യക്തമാക്കുന്നു. സോനയുടെ മാതാവ് ബിന്ദു എൽദോസ്. സഹോദരൻ ബേസിൽ. പിതാവ് മൂന്നു മാസം മുൻപാണ് മരിച്ചത്.
Tag: TTC student commits suicide in Kothamangalam; boyfriend Ramees in police custody