യുദ്ധസാങ്കേതിക രംഗത്ത് വലിയ മുന്നേറ്റം നടത്തി തുർക്കി; ലോകത്തിലെ ആദ്യ ലേസർ ടാങ്ക് വികസിപ്പിച്ചിട്ടുള്ളതായി റിപ്പോർട്ട്

യുദ്ധസാങ്കേതിക രംഗത്ത് വലിയ മുന്നേറ്റം നടത്തി തുർക്കി. ലോകത്തിലെ ആദ്യ ലേസർ ടാങ്ക് വികസിപ്പിച്ചിട്ടുണ്ടെന്ന് തുർക്കി പ്രഖ്യാപനം നടത്തി. അൽക്ക-കപ്ലാൻ ഡയറക്ടഡ് എനർജി വെപ്പൺ സിസ്റ്റം (DEWS) എന്നറിയപ്പെടുന്ന ഈ സംവിധാനം, ശത്രു സേനയുടെ ഡ്രോണുകളെ ആകാശത്തുതന്നെ കണ്ടെത്തി നിർവീര്യമാക്കാൻ ശേഷിയുള്ളതാണെന്ന് തുർക്കി അവകാശപ്പെടുന്നു. ജൂലൈ 22 മുതൽ 27 വരെ ഇസ്താംബൂളിൽ നടന്ന അന്താരാഷ്ട്ര പ്രതിരോധ വ്യവസായ മേള (IDEF)യിലാണ് ലേസർ ടാങ്ക് ആദ്യമായി അവതരിപ്പിച്ചത്.
ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യക്കെതിരെ പാകിസ്താനെ പിന്തുണച്ച തുർക്കി, പുതിയ ആയുധാവിഷ്‌കാരവുമായി വീണ്ടും ശ്രദ്ധ നേടുകയാണ്.
റോക്കറ്റ്‌സാൻ-എഫ്എൻഎസ്എസ് ആയുധ നിർമാണ കമ്പനികളുടെ സംയുക്ത പദ്ധതിയായ അൽക്ക-കപ്ലാൻ, ഡ്രോണുകളെ നേരിടുന്നതിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്തതാണ്. റോക്കറ്റ്‌സാൻ വികസിപ്പിച്ച അൽക്ക DEWS റോട്ടറി വിങ് മിനി/മൈക്രോ ഡ്രോണുകളെ കണ്ടെത്തി നശിപ്പിക്കാനാകുന്ന സംവിധാനമാണ്. ഇത് എഫ്എൻഎസ്എസ് നിർമ്മിച്ച കപ്ലാൻ ഹൈബ്രിഡ് വാഹനത്തിൽ ഘടിപ്പിച്ചതോടെ ലോകത്തിലെ ആദ്യ ലേസർ ടാങ്ക് രൂപം കൊണ്ടു. കരസേനക്കും മറ്റ് സൈനിക വിഭാഗങ്ങൾക്കും ഡ്രോണുകളിൽ നിന്ന് പരിരക്ഷ നൽകാനാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ലേസർ ടാങ്കിന്റെ പ്രത്യേകത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്തലാണ്. ഇതിലൂടെ ലക്ഷ്യങ്ങളെ അതിവേഗം കണ്ടെത്തി കൃത്യമായ ലേസർ ആക്രമണത്തിലൂടെ നിർവീര്യമാക്കാൻ കഴിയും. ഹൈബ്രിഡ് പവർ പായ്ക്ക് ഉൾപ്പെടുത്തിയിരിക്കുന്ന ശക്തമായ ജനറേറ്ററാണ് സംവിധാനത്തിന് ആവശ്യമായ ഊർജം നൽകുന്നത്. ഉയർന്ന ഊർജക്ഷമതയുള്ളതിനാൽ ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ ദൗത്യം പൂർത്തിയാക്കാനാകുമെന്ന് തുർക്കി അവകാശപ്പെടുന്നു.
കഴിഞ്ഞ ഒന്നരവർഷമായി മൊബിലിറ്റി പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ഇന്റഗ്രേഷൻ പരീക്ഷണങ്ങൾ ആരംഭിച്ചത്. ഈ ഘട്ടം 6 മുതൽ 12 മാസം വരെ നീളുമെന്ന് അറിയിച്ചിട്ടുണ്ട്.
സമീപകാല യുദ്ധങ്ങളിൽ ഡ്രോണുകൾ നിർണായകമായ പങ്ക് വഹിച്ചു. ഇവയെ പ്രതിരോധിക്കാൻ രാജ്യങ്ങൾ കൂടുതലായും മിസൈൽ സംവിധാനങ്ങൾ ആശ്രയിച്ചുവെങ്കിലും, ഡ്രോണുകൾ പോർമുനയായി മാറുന്ന സാഹചര്യത്തിൽ തുർക്കിയുടെ ലേസർ ടാങ്ക് ആധുനിക യുദ്ധത്തിന്റെ ഗെയിംചേഞ്ചറായി മാറുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
Tag: Turkey has made a major breakthrough in the field of military technology; It has reportedly developed the world’s first laser tank