ലോകരാജ്യങ്ങളോട് തുര്‍ക്കിയുടെ വെല്ലുവിളി: പത്ത് അംബാസഡര്‍മാരെ പുറത്താക്കി എര്‍ദോഗാന്‍
അങ്കാറ: ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍. പത്ത് രാജ്യങ്ങളിലെ അംബാസഡര്‍മാരെ രാജ്യത്തു നിന്ന് പുറത്താക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് അദ്ദേഹം. തുര്‍ക്കി ഭരണകൂടം ജയിലിലടച്ച വ്യക്തിക്ക് അനുകൂലമായി അംബാസഡര്‍മാര്‍ സംസാരിച്ചതാണ് എര്‍ദോഗാനെ പ്രകോപിപ്പിച്ചത്. തുര്‍ക്കി പ്രസിഡന്റിന്റെ പ്രവര്‍ത്തന രീതിക്കെതിരെ പല കോണുകളില്‍ നിന്നും അഭിപ്രായം ഉയരുന്നതിനിടെയാണ് ഈ നീക്കം.
അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, കാനഡ, ഡെന്മാര്‍ക്ക്, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, നോര്‍വെ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ക്കെതിരെയാണ് നടപടി. നയതന്ത്ര തലത്തില്‍ വലിയ വിവാദത്തിനാണ് എര്‍ദോഗാന്‍ തുടക്കമിട്ടിരിക്കുന്നത്. അംബാസഡര്‍മാരെ പുറത്താക്കാന്‍ താന്‍ നിര്‍ദേശം നല്‍കിയെന്ന് എര്‍ദോഗാന്‍ കഴിഞ്ഞ ദിവസമാണ് പരസ്യമാക്കിയത്.
ജയിലില്‍ കഴിയുന്ന ഉസ്മാന്‍ കവാല എന്ന വ്യക്തിയെ മോചിപ്പിക്കണമെന്ന് ഈ അംബാസഡര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യം നടപടിയെടുത്ത വ്യക്തിക്ക് അനുകൂലമായി വിദേശ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ സംസാരിച്ചതാണ് തുര്‍ക്കി പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്. ഇത്രയും രാജ്യങ്ങളിലെ പ്രതിനിധികള്‍ക്കെതിരെ ഒരുമിച്ച് നടപടിയെടുക്കുന്ന സംഭവം ആദ്യമായിട്ടാണ്. ഈ പ്രതിനിധികള്‍ തുര്‍ക്കിയില്‍ നില്‍ക്കാന്‍ യോഗ്യരല്ല എന്നാണ് എര്‍ദോഗാന്റെ നിലപാട്.
പ്രമുഖ വ്യവസായിയാണ് ഉസ്മാന്‍ കവാല. 2017 മുതല്‍ ഇദ്ദേഹം തുര്‍ക്കിയിലെ ജയിലിലാണ്. കോടതി കുറ്റക്കാരനെന്ന് ഇതുവരെ കണ്ടെത്തിയിട്ടുമില്ല. അംബാസഡര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദേശകാര്യ മന്ത്രിക്ക് നിര്‍ദേശം നല്‍കിയെന്ന് എര്‍ദോഗാന്‍ പറഞ്ഞു.
വിദേശരാജ്യങ്ങളുടെ പ്രതിനിധികള്‍ തുര്‍ക്കിയെ മനസിലാക്കണം. തുര്‍ക്കിയെ അറിയാത്ത വ്യക്തികള്‍ രാജ്യം വിട്ടുപോകണം. ഉസ്മാന്‍ കവാലയെ മോചിപ്പിക്കണമെന്ന് പ്രസ്താവന ഇറക്കിയ അംബാസഡര്‍മാരെ തുര്‍ക്കിയുടെ വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചിരുന്നു. അവരുടെ പ്രസ്താവനയില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് ഇവരെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ പ്രസിഡന്റ് നിര്‍ദേശം നല്‍കിയത്.