ദുരിതം ബാധിച്ച കുടുംബങ്ങളെ ടിവികെ ഏറ്റെടുക്കും; വിജയ് ഒക്ടോബർ 17-ന് കരൂരിലെത്തും

കരൂർ ദുരന്തത്തിൽ പ്രഖ്യാപനവുമായി തമിഴക വെട്രി കഴകം. ടിവികെ സമിതി ഇന്ന് കരൂരിലെത്തും. ദുരിതം ബാധിച്ച കുടുംബങ്ങളെ ടിവികെ ഏറ്റെടുക്കുമെന്നാണ് പ്രഖ്യാപനം. ബന്ധുക്കൾക്ക് ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തും. എല്ലാമാസവും സഹായധനം നൽകും. കുട്ടികളുടെ പഠന ചെലവ് ഏറ്റെടുക്കുമെന്നും പ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു. കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം നടത്താൻ ഉത്തരവിട്ടുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ടിവികെ ഇക്കാര്യം അറിയിച്ചത്. ടിവികെ അധ്യക്ഷൻ വിജയ് ഒക്ടോബർ 17-ന് കരൂരിലെത്തും.
കഴിഞ്ഞ ദിവസമാണ് കരൂരിൽ 41 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം. പ്രത്യേക അന്വേഷണ സംഘത്തെയും സുപ്രീംകോടതി രൂപീകരിച്ചു. വിരമിച്ച ജഡ്ജിക്കായിരിക്കും അന്വേഷണത്തിന്റെ മേൽനോട്ട ചുമതല.
കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും ടിവികെ ആവശ്യപ്പെട്ടിരുന്നു. ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതലയുണ്ടായിരുന്ന ആധവ് അർജുനയായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. ടിവികെയുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഇടപെടൽ. അന്വേഷണത്തിന് നേതൃത്വം നൽകുന്ന വിരമിച്ച ജഡ്ജിയെ ഉടൻ തീരുമാനിക്കും.
നേരത്തെ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി അത് അംഗീകരിച്ചില്ല. ടിവികെയുടെ ആവശ്യം തള്ളിയ ഹൈക്കോടതി ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇതിനെതിരെയാണ് ടിവികെ സുപ്രീംകോടതിയെ സമീപിച്ചത്. കരൂർ ദുരന്തത്തിൽ ഏറെ പഴികേട്ട വിജയ്ക്ക് സിബിഐ അന്വേഷണം ആശ്വാസം നൽകുന്നതായിരുന്നു. ഡിഎംകെയുടെ അറിവോടെയുള്ള ദുരന്തമായിരുന്നു കരൂരിലേതെന്നായിരുന്നു ടിവികെയുടെ ആരോപണം. സർക്കാരിനെതിരെ രൂക്ഷ വിമർശനമായിരുന്നു വിജയ് ഉന്നയിച്ചിരുന്നത്.
സെപ്റ്റംബർ 27നായിരുന്നു കരൂരിൽ വിജയ്‌യുടെ റാലി ദുരന്തത്തിൽ കലാശിച്ചത്. ശനിയാഴ്ച തോറും ടിവികെ വിജയ്‌യുടെ റാലി സംഘടിപ്പിച്ചിരുന്നു. ഇത്തരത്തിൽ സെപ്റ്റംബർ 27 ശനിയാഴ്ച കരൂർ വേലുചാമിപുരത്ത് ടിവികെ സംഘടിപ്പിച്ച റാലിയായിരുന്നു അപകടം വരുത്തിവെച്ചത്. വിജയ്‌യെ കാണാൻ രാവിലെ മുതൽ വലിയ ജനക്കൂട്ടം വേലുചാമിപുരത്ത് തമ്പടിച്ചിരുന്നു. ഉച്ചയ്ക്ക് ഒരുമണിക്കാണ് വിജയ് പരിപാടിക്ക് എത്തേണ്ടിയിരുന്നത്. എന്നാൽ ആറ് മണിക്കൂർ വൈകിയാണ് വിജയ് പരിപാടിക്ക് എത്തിയത്. ഇതിനകം തന്നെ ആളുകൾ തളർന്നുതുടങ്ങി. വിജയ് പ്രസംഗിച്ച് തുടങ്ങിയതോടെ ആളുകൾ കുഴഞ്ഞുവീണു. തുടർന്ന് വിജയ് പ്രസംഗം അവസാനിപ്പിക്കുകയും ആളുകൾക്ക് കുപ്പി വെള്ളം എറിഞ്ഞുനൽകുകയും ചെയ്തു.
ഇതോടെ ആളുകൾ കുപ്പിവെള്ളം പിടിക്കാൻ തിരക്ക് കൂട്ടുകയും തിക്കിലും തിരക്കിലുംപെടുകയുമായിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ വിജയ് സ്ഥലത്തുനിന്ന് മാറി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവർത്തകരും പൊലീസും ചേർന്ന് കുഴഞ്ഞുവീണവരെ കരൂർ മെഡിക്കൽ കോളേജിലും സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആദ്യ ദിവസം 38പേരാണ് മരിച്ചത്. ഈ സമയം കരൂർ എംഎൽഎ സെന്തിൽ ബാലാജിയും ആരോഗ്യമന്ത്രിയും അടക്കമുള്ളവർ ആശുപത്രിയിലെത്തി.
തൊട്ടടുത്ത ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും സ്ഥലത്തെത്തി. ഈ സമയം വിജയ് ചെന്നൈയിലെ വീട്ടിൽ എത്തിയിരുന്നു. ‘ഹൃദയം തർന്നിരിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് ഒരു എക്‌സ് പോസ്റ്റും പങ്കുവെച്ചിരുന്നു. അപകടം നടന്ന് തൊട്ടടുത്ത ദിവസമായ ഞായറാഴ്ച മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ 41 പേരുടെ മരണം സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ വിജയ്‌ക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
Tag: TVK will take care of the affected families; Vijay will reach Karur on October 17