സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണത്തിനിടെ,യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസൈഖിരി ഇന്ത്യ വിട്ടു.

തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസൈഖിരി ഇന്ത്യ വിട്ടു. ഡല്‍ഹിയില്‍ നിന്ന് രണ്ട് ദിവസം മുമ്പാണ് അറ്റാഷെ യു.എ.ഇയിലേക്ക് പറന്നത്. യു എ ഇ കോൺസുലേറ്റിൽ നയതന്ത്ര ബ്യാഗ്‌വഴി നടന്ന സ്വർണ്ണ കള്ളക്കടത്തു സംബന്ധിച്ച് യു എ ഇ യിൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അറ്റാഷെ റാഷിദ് ഖാമിസ് അലി മുസൈഖിരിയെ തിരിച്ചു വിളിച്ചതെന്നാണ് വിവരം. ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്നും അന്വേഷണം നടത്തി കനത്ത ശിക്ഷ കുറ്റക്കാർക്ക് നൽകുമെന്നും യു എ ഇ വ്യക്തമാക്കിയിരുന്നതിനു പിറകെയാണ് അറ്റാഷെയുടെ കള്ളക്കടത്തിലെ ബന്ധം കസ്റ്റംസ് കണ്ടെത്തുന്നത്.
തിരുവനന്തപുരത്ത് നിന്നും ഞായറാഴ്‌ച ഡൽഹിയിലേക്ക് പോയ അറ്റാഷെ രണ്ട് ദിവസം മുൻപ് യുഎഇയിലേക്ക് പോകുകയായിരുന്നു. സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ പ്രതികൾ മൊഴി നൽകിയതിന് പിന്നാലെയാണ് അറ്റാഷെ രാജ്യം വിടുന്നത്. നയതന്ത്ര പരിരിക്ഷയുള്ള അറ്റാഷയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ആലോച്ചിരുന്നു. ഇത് സംബന്ധിച്ച നീക്കം കേന്ദ്ര സർക്കാർ ആരംഭിക്കുകയും ചെയ്യുന്നതിനിടെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ യു എ ഇ തിരിച്ചു വിളിക്കുകയായിരുന്നു. അറ്റാഷെയുടെ മടങ്ങി പോക്ക് കേന്ദ്ര സർക്കാരിൻ്റെ അറിവോടെയാണെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യൻ സർക്കാരിനെ അറിയിച്ച ശേഷം യുഎഇ അറ്റാഷെയെ മടക്കി വിളിക്കുകയായിരുന്നു.

ഇതിനിടെ, യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ പേരിലുള്ള കത്ത് പുറത്തായിട്ടുണ്ട്. സരിത്ത് സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ച കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍റെ പേരിലുള്ള കത്താണ് പുറത്തായത്. തന്‍റെ പേരില്‍ ബാഗേജ് അയക്കാന്‍ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തുന്നതാണ് കത്തിന്‍റെ ഉള്ളടക്കത്തിലുള്ളത്. അറ്റാഷെ റാഷിദ് ഖാമിസ് അലി മുസൈഖിരിയുടെ പേരിലാണ് അധികാരപത്രം ഉള്ളത്. കത്ത് താന്‍ തയ്യാറാക്കിയതാണെന്ന് സരിത്ത് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നതാണ്. കത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍റെ ഒപ്പിട്ടത് താനാണെന്നും സരിത്തിന്‍റെ മൊഴിയിൽ പറഞ്ഞിരിക്കുന്നു. ദുബൈയിലെ കരാമയിൽ ഫൈസലിനൊപ്പം ജോലി ചെയ്തിരുന്നതായും സരിത്ത് മൊഴി നല്‍കിയിരിക്കുകയാണ്.