എങ്കിൽ ആദ്യം പോയി കാമുകനെ കണ്ടുപിടിക്കൂ; കാമുകൻ ഇല്ലാത്തതിന് മകളെ കളിയാക്കിയ ന്യൂജെൻ അമ്മയെ ഏറ്റെടുത്ത് ട്വിറ്റർ

ഇന്ത്യയിൽ, മിക്ക ആളുകളും അവരുടെ ഡേറ്റിംഗ് ജീവിതം മറച്ചുവയ്ക്കാറാണ് പതിവ്. പ്രത്യേകിച്ച് മാതാപിതാക്കളിൽ നിന്ന്. അതുകൊണ്ട് തന്നെ നമ്മുടെ രാജ്യത്തെ ഒരു അമ്മ മകളോട് കാമുകനോടൊപ്പം പുറത്തുപോകാനോ അല്ലെങ്കിൽ ഇതുവരെ കാമുകൻ ഇല്ലെങ്കിൽ ഒരാളെ വേഗം കണ്ടെത്താനോ ആവശ്യപ്പെടുമ്പോൾ അത് തികച്ചും അസാധാരണവും രസകരവുമായി തോന്നുന്നത് സ്വാഭാവികം.
ഒരു ട്വിറ്റർ ഉപയോക്താവ് തന്റെ അമ്മയുമായുള്ള സംഭാഷണത്തിന്റെ സ്ക്രീൻഷോട്ട് ട്വിറ്ററിൽ പോസ്റ്റു ചെയ്തതോടെ വൈറലായി മാറിയിരിക്കുകയാണ് ഈ അമ്മയും മകളും. ‘ആലു ടോക്രി’ കഴിയ്ക്കാൻ പുറത്തു പോകാമെന്ന് അമ്മയ്ക്ക് സന്ദേശമയച്ച മകൾക്ക് അമ്മ നൽകിയ മറുപടിയാണ് ട്വിറ്റർ ഉപഭോക്താക്കളിൽ പലർക്കും അത്ഭുതമായി മാറിയത്. ജോലി തിരക്കാണെന്നും മകളോട് കാമുകനൊപ്പം പുറത്തു പൊയ്ക്കൊള്ളാനുമാണ് ആദ്യം അമ്മ പറഞ്ഞത്.
അമ്മയ്ക്ക് മറുപടിയായി മകൾ കാമുകൻ ഇല്ലെന്ന് പറയുമ്പോൾ, അമ്മ തിരിച്ച് അയച്ച മെസേജാണ് കൂടുതൽ രസകരം. എങ്കിൽ ആദ്യം പോയി കാമുകനെ കണ്ടുപിടിക്കൂ… എന്നിട്ടാകാം ആലു ടോക്രി എന്നാണ് അമ്മയുടെ മറുപടി. പ്രണയ ബന്ധങ്ങളും മറ്റും മാതാപിതാക്കളിൽ നിന്ന് മറച്ചുവച്ച് വളരുന്ന യുവതലമുറയും ഈ മെസേജ് കണ്ട് ഞെട്ടിയിട്ടുണ്ടാകും.
ചാറ്റിന്റെ സ്ക്രീൻ ഷോട്ട് അയച്ച് പെൺകുട്ടിയുടെ അമ്മയാണ് ഈ മറുപടി നൽകിയിരിക്കുന്നതെന്ന് തനിയ്ക്ക് തോന്നുന്നില്ലെന്നാണ് ഭാവിക എന്ന ഒരു ട്വിറ്റർ ഉപഭോക്താവിന്റെ കമന്റ്. കാരണം അമ്മമാർ ഇങ്ങനെ ഒരു കാര്യം അറിഞ്ഞാൽ പെൺമക്കളെ കൊല്ലുമെന്നാണ് തമാശയായി ഭാവിക കമന്റ് ചെയ്തിരിക്കുന്നത്.
ഇങ്ങനെ ഒരു സംഭാഷണം സൃഷ്ടിക്കാൻ ഒരാൾ തന്നെയാകും രണ്ട് ഫോണുകളും ഉപയോഗിച്ചതെന്നാണ് റോഷേഷ് എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്ന് വന്ന കമന്റ്. നമ്മുടെ രാജ്യത്ത് ഇങ്ങനെ ഒരു അമ്മയെ കിട്ടുന്നത് അപൂർവമാണെന്നാണ് മറ്റൊരു ഉപഭോക്താവിന്റെ അഭിപ്രായം. നിരവധി പേർ ഇങ്ങനെ ഒരു അമ്മയെ കിട്ടിയതിൽ മകൾ ഭാഗ്യവതിയാണെന്ന അഭിപ്രായക്കാരാണ്. അമ്മയെ അഭിനന്ദിച്ചും നിരവധി കമന്റുകൾ എത്തിയിട്ടുണ്ട്. യഥാർത്ഥ ട്വീറ്റിന് ആയിരക്കണക്കിന് പേർ ലൈക്ക് ചെയ്യുകയും നൂറുകണക്കിന് പേർ അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്തു.