കിഴക്കമ്പലം പഞ്ചായത്ത് ഫണ്ട് ട്വന്റി-ട്വന്റി ദുരുപയോഗം ചെയ്തെന്ന് ഇന്റലിജൻസ്, കിറ്റക്സ് കമ്പനിയിലേക്ക് ആറ് റോഡുകൾ
പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കേണ്ട ഫണ്ട് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ദുര്വിനിയോഗിച്ചെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കിറ്റക്സ് ഗ്രൂപ്പിന്റെ ട്വന്റിട്വന്റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്ത് കിറ്റക്സ് കമ്പനിയുടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് പഞ്ചായത്ത് ഫണ്ട് ദുരുപയോഗം ചെയ്തെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കിറ്റക്സ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേക്കും സ്ഥലങ്ങളിലേക്കും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആറ് റോഡുകള്‍ നിര്‍മ്മിച്ചതായും കിറ്റക്സ് എംഡി സാബു എം ജേക്കബിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയോട് ചേര്‍ന്ന തോടുകളുടെ വശം കെട്ടാന്‍ ഫണ്ട് ഉപയോഗിച്ചുവെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.
കിഴക്കമ്പലത്ത് പഞ്ചായത്ത് ഫണ്ട് ദുരുപയോഗം ചെയ്തതിനെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് ഇന്റലിജന്‍സ് എറണാകുളം സംഘം പരിശോധന നടത്തിയത്. കിഴക്കമ്പലം പൂക്കാട്ടുപടി പിഡബ്ല്യൂഡി റോഡിന് സ്ഥലം ഏറ്റെടുത്തതിന് ഭൂവുടമകള്‍ക്ക് പ്രതിഫലം നല്‍കിയിട്ടില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നും ഇന്റലിജന്‍സ് മേധാവി ആഭ്യന്തര അഡിഷണല്‍ സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കിറ്റക്സ് കമ്പനി സ്ഥിതി ചെയ്യുന്നതിനോട് ചേര്‍ന്ന് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ചുവെന്ന കണ്ടെത്തലുമുണ്ട്. ഇത് പ്രാഥമിക പരിശോധനക്കായി തദ്ദേശ ഭരണ അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. പഞ്ചായത്തിലെ വികസന ഫണ്ടിന്റെ ഉപയോഗം നിരീക്ഷിക്കണമെന്നും ഇന്റലിജന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.