CovidLatest NewsNationalNews

കോവിഡ്​ ബാധിച്ച ടെക്കി ഇരട്ടകളുടെ മരണവും ഒരുമിച്ച്‌​

മീററ്റ്​: ഗ്രിഗറി റെയ്​മണ്ട്​ റാഫേല്‍ ആ ദിവസം കൃത്യമായി ഓര്‍ക്കുന്നുണ്ട്​. 1997 ഏപ്രില്‍ 23നാണ്​ തന്‍റെ ഭാര്യ സോജ രണ്ട്​ കണ്‍മണികള്‍ക്ക്​ ജന്മം നല്‍കിയത്​. ഇരട്ടകളായ തന്‍റെ പൊന്നോമനകള്‍ക്ക്​ ദമ്ബതികള്‍ ജോഫ്രഡ്​ വര്‍ഗീസ്​ ഗ്രിഗറിയെന്നും റാല്‍ഫ്രഡ്​ ജോര്‍ജ്​ ഗ്രിഗറിയെന്നും പേരിട്ടു. മൂന്ന്​ മിനിറ്റിന്‍റെ വ്യത്യാസത്തിലായിരുന്നു ഇരുവരുടെയും ജനനം.

ചെറുപ്പം മുതല്‍ക്കേ എല്ലാകാര്യത്തിലും ഒരുമിച്ചായിരുന്ന സഹോദരന്‍മാരെ ആര്‍ക്കും വേര്‍പ്പെടുത്താന്‍ ആകുമായിരുന്നില്ല. പഠനത്തിലടക്കം ഒന്നിച്ചായിരുന്ന ഇരുവരും കമ്ബ്യൂട്ടര്‍ എന്‍ജിനിയറിങ്ങിലാണ്​ തങ്ങളുടെ ഭാവി കണ്ടത്​​. ഹൈദരാബാദില്‍ ജോലിയും ഒരുമിച്ചായിരുന്നു. ഏപ്രില്‍ 24ന്​ മഹാമാരി പിടി​െപട്ട ഇരുവരും മണിക്കൂറുകളുടെ മാ​ത്രം ഇടവേളയില്‍ മരണത്തിലും ഒരുമിച്ചു.

‘ഒരാള്‍ക്ക്​ എന്താണോ സംഭവിക്കുന്നത്​ അത്​ തന്നെ മറ്റവനും സംഭവിക്കുമായിരുന്നു. ജനനം മുതല്‍ അത്​ അങ്ങനെയാണ്​. ജോഫ്രഡ്​ മരിച്ചുവെന്ന വിവരം കേട്ടയുടന്‍ ഞാന്‍ ഭാര്യയോട്​ പറഞ്ഞു. റാല്‍ഫ്രഡ്​ ഒരിക്കലും ഒറ്റക്ക്​ വീട്ടിലേക്ക്​ മടങ്ങി വരില്ല​. അവര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മേയ്​ 13നും മേയ്​ 14നുമായി മരിച്ചു’ -പിതാവ്​ റാഫേല്‍ പറഞ്ഞു.

‘അവര്‍ ഞങ്ങള്‍ക്കായി പല പദ്ധതികളും ഒരുക്കി വെച്ചിരുന്നു. ഞങ്ങള്‍ക്ക്​ മെച്ചപ്പെട്ട ജീവിതം നല്‍കണമെന്ന്​ അവര്‍ ആഗ്രഹിച്ചു. അധ്യപകരായിരുന്ന ഞങ്ങള്‍ അവരെ വളര്‍ത്തികൊണ്ടുവരാന്‍ ഒരുപാട്​ പാടുപെട്ടു എന്ന്​ കണ്ടാണ്​ പണം മുതല്‍ സന്തോഷം വരെ തിരികെ നല്‍കാന്‍ അവര്‍ ആഗ്രഹിച്ചത്​. ജോലി തേടി കൊറിയയിലോ ജര്‍മനിയിലോ പോകണമെന്ന്​ അവര്‍ പദ്ധതിയിട്ടിരുന്നു. എന്തിനാണ്​ ദൈവം ഞങ്ങളെ ഇങ്ങനെ ശിക്ഷിച്ചതെന്ന്​ എനിക്ക്​ മനസ്സിലാകുന്നില്ല’ -റാഫേല്‍ പറഞ്ഞു. ഇരുവരെയും കൂടാതെ ദമ്ബതികള്‍ക്ക്​ നെല്‍ഫ്രെഡ്​ എന്ന്​ പേരുള്ള മകനും കൂടിയുണ്ട്​.

വിവാഹ ശേഷം 1990കളില്‍ ഭാര്യയോടൊപ്പം കേരളത്തിലുണ്ടായിരുന്ന റാഫേല്‍ ശേഷം മീററ്റില്‍ സ്​ഥിരതാമസമാക്കുകയായിരുന്നു. ഏപ്രില്‍ 23നാണ്​ മക്കള്‍ക്ക്​ കോവിഡ്​ ബാധിച്ചത്​. കുറച്ച്‌​ ദിവസം വീട്ടില്‍ തന്നെ ചികിത്സയിലായിരുന്നു. എന്നാല്‍ മേയ്​ ഒന്നോടെ രക്തത്തിലെ ഓക്​സിജന്‍റെ അളവ്​ കുറഞ്ഞതിനെ തുടര്‍ന്ന്​ ഇരുവരെയും ആനന്ദ്​ ആ​ശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആ​േരാഗ്യനില കൂടുതല്‍ വഷളായതോടെ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തി പോന്നത്​.

മേയ്​ 10ന്​ കോവിഡ്​ പരിശോധന ഫലം നെഗറ്റീവ്​ ആയതിനാല്‍ കുടുംബം അല്‍പം പ്രതീക്ഷയിലായിരുന്നു. ‘മൂന്ന്​ ദിവസങ്ങള്‍ക്ക്​ ശേഷം കാര്യങ്ങള്‍ തകിടം മറിഞ്ഞു. ജോഫ്രഡ്​ പോയതിനാല്‍ റാല്‍ഫ്രഡിന്​ മടങ്ങി വരാനാകില്ലെന്ന്​ എന്‍റെ മനസ്സ്​ പറഞ്ഞു. കാരണം അവര്‍ക്ക്​ പിരിഞ്ഞിരിക്കാന്‍ ആകില്ലല്ലോ’-പിതാവ്​ പറഞ്ഞു.

കോയമ്ബത്തൂരിലെ കാരുണ്യ യൂനിവേഴ്​സിറ്റിയിലായിരുന്നു സഹോദരന്‍മാരുടെ ബി.ടെക്​ പഠനം. അവസാന വര്‍ഷത്തില്‍ തന്നെ ഇരുവര്‍ക്കും ജോലിയും ലഭിച്ചു. ജോഫ്രഡിന്​ അസെഞ്ച്വര്‍ പ്രൈവറ്റ്​ ലിമിറ്റഡിലും റാല്‍ഫ്രഡിന്​ ഹ്യൂണ്ടായ്​ മുബിസ്​ കമ്ബനിയിലുമാണ്​ ജോലി ലഭിച്ചത്​. കോവിഡ്​ വ്യാപനം മൂലം കുറച്ചുകാലമായി ജോഫ്രഡിന്​​ മീററ്റിലെ വീട്ടില്‍ നിന്നായിരുന്നു ജോലി. എന്നാല്‍ കൈക്ക്​ പരിക്കേറ്റതിനെ തുടര്‍ന്നാണ്​ റാല്‍ഫ്രഡ്​ ഹൈദരാബാദിലെ ഓഫിസില്‍ നിന്ന്​ നാട്ടിലെത്തിയത്​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button