Kerala NewsLatest NewsNews

വീട് ജപ്തി ചെയ്യാനെത്തിയവരുടെ മനസ്സലിഞ്ഞു,പിരിവിട്ട് വീട്ടമ്മയുടെ കടം വീട്ടി പ്രമാണവും നല്‍കി ബാങ്ക് ജീവനക്കാര്‍

പന്തളം: വീട് പണിക്കെടുത്ത വായ്പ കുടിശ്ശികയായപ്പോള്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ വീട് ജപ്തി വക്കില്‍ എത്തിയ രാജമ്മയ്ക്ക് സഹായഹസ്തവുമായി ബാങ്ക് ജീവനക്കാര്‍. പണിതീരാത്ത വീടും അതില്‍ രാജമ്മയുടെയും സഹോദരങ്ങളുടെയും ദുരിതജീവിതവും കണ്ടപ്പോള്‍ ജപ്തി ചെയ്യാതെ മടങ്ങുകയും ശേഷം പിരിവിട്ട് കടം തീര്‍ക്കുകയായിരുന്നു.

ബാങ്ക് മാനേജരും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പിരിവെടുത്ത് കുടിശിക അടച്ച് കിടപ്പാടം തിരികെ നല്‍കിയത്. തോന്നല്ലൂര്‍ ഇളശേരില്‍ കെ രാജമ്മയ്ക്കാണ് കേരള ബാങ്ക് പന്തളം ശാഖയിലെ ഉദ്യോഗസ്ഥരുടെ കനിവില്‍ കിടപ്പാടം തിരികെ കിട്ടിയത്. ബാങ്ക് മാനേജര്‍ കെ.സുശീലയും ഉദ്യോഗസ്ഥരും ചേര്‍ന്ന് വീടിന്റെ പ്രമാണം രാജമ്മയ്ക്ക് കൈമാറുകയും ചെയ്തു.

2008 മേയ് 30നാണ് ഇവര്‍ വീട് നിര്‍മാണത്തിനായി വസ്തു പണയപ്പെടുത്തി ഒരു ലക്ഷം രൂപ വായ്പയെടുത്തത്. രാജമ്മയും 2 സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിനു പലവിധ പ്രതിസന്ധികള്‍ മൂലം വായ്പ തിരികെ അടയ്ക്കാനായില്ല. ചെറുജോലികള്‍ ചെയ്താണ് മൂവരും കുടുംബം പുലര്‍ത്തിയിരുന്നത്. മൂന്നുപേരും അവിവാഹിതരാണ്.

അതേസമയം, വീട് നിര്‍മാണം പൂര്‍ത്തിയാക്കാനാവാതെ വന്നതോടെ താമസിക്കാനായി പണിത ഷെഡ്ഡും ഇതിനിടെ കത്തിനശിക്കുകയായിരുന്നു. 2010 നവംബര്‍ 4ന് ബാങ്ക് ജപ്തി നടപടികള്‍ തുടങ്ങുകയായിരുന്നു. കുടിശിക അടക്കം തുക 2.50 ലക്ഷത്തോളമായിരുന്നു. ബാങ്ക് നടത്തിയ അദാലത്തില്‍ 1,28,496 രൂപ ഇളവ് ചെയ്തു നല്‍കി. ശേഷിക്കുന്ന തുകയുടെ കാര്യത്തില്‍ മാനേജര്‍ സുശീല സാവകാശം തേടി.

തുടര്‍ന്നു ബാങ്ക് ഉദ്യോഗസ്ഥരെയും മുന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി വാട്സാപ്പ്ഗ്രൂപ്പ് തുടങ്ങി. രാജമ്മയുടെ പേരില്‍ തുടങ്ങിയ അക്കൗണ്ടില്‍ രാജമ്മയ്ക്കായി 98,628 രൂപ സമാഹരിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ രാജമ്മയെ ബാങ്കില്‍ വിളിച്ചു വരുത്തി. വായ്പ കുടിശിക തീര്‍ത്ത് പ്രമാണവും കൈമാറുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button