കേന്ദ്ര നിർദേശം: 1178 അക്കൗണ്ടുകൾ മരവിപ്പിച്ച് ട്വിറ്റർ; ഇന്ത്യക്ക് പുറത്ത് നിരോധനമില്ല

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന് 1178 അക്കൗണ്ടുകൾ ട്വിറ്റർ മരവിപ്പിച്ചു. ഖലിസ്ഥാൻ വാദത്തെ പിന്തുണയ്ക്കുന്നതും പാകിസ്താന്റെ പ്രേരണയിൽ പ്രവർത്തിക്കുന്നതുമായ ഇത്രയും അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നായിരുന്നു കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നത്.
കേന്ദ്ര നിർദേശത്തെ തുടർന്ന് ഒരു വിഭാഗം അക്കൗണ്ടുകൾ തങ്ങൾ മരവിപ്പിച്ചതായി ട്വിറ്റർ അറിയിച്ചു. ഇന്ത്യൻ നിയമപ്രകാരം അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുളള കടന്നുകയറ്റമാകുമെന്നതിനാൽ മാധ്യമങ്ങൾ, മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയനേതാക്കൾ എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്നും ട്വിറ്റർ വ്യക്തമാക്കി. അവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുകയാണെങ്കിൽ ജനങ്ങളുടെ അവകാശങ്ങൾക്കെതിരായ നടപടിയായിരിക്കുമതെന്ന് ട്വിറ്റർ വ്യക്തമാക്കുന്നു.
മരവിപ്പിച്ച അക്കൗണ്ടുകൾ ഇന്ത്യക്ക് പുറത്ത് സജീവമായിരിക്കുമെന്നും ട്വിറ്റർ വ്യക്തമാക്കി. നേരത്തേ 257 അക്കൗണ്ടുകൾക്കെതിരേ നടപടിയെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.