കർഷക പ്രക്ഷോഭത്തിന് ലൈക്ക്; റിഹാനയ്ക്ക് പിന്തുണ: ഭീഷണികളിൽ കുലുക്കമില്ലാതെ ട്വീറ്റർ സിഇഒ

ന്യുഡെൽഹി: കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ട്വീറ്റുകളിൽ ലൈക്കുമായി ട്വീറ്റർ സിഇഒ ജാക്ക് ഡോർസി. റിഹാനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വാഷിങ്ടൺ പോസ്റ്റിലെ ജേണലിസ്റ്റ് ആയ കാരൻ ആറ്റിയുടെ പോസ്റ്റിലാണ് ആദ്യം ഡോർസിയുടെ ലൈക്ക് പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ കർഷക പ്രക്ഷോഭത്തിന് ട്വിറ്റർ ഇമോജി വേണമെന്ന ആവശ്യത്തിനും ഡോർസി ലൈക്കടിച്ചിട്ടുണ്ട്. ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭ സമയത്ത് ട്വിറ്റർ പ്രത്യേക ഇമോജി കൊണ്ടുവന്നിരുന്നു.
കർഷക പ്രക്ഷോഭത്തിന് പ്രചാരം കൊടുക്കുന്നുവെന്ന പേരിൽ ട്വിറ്ററും കേന്ദ്രസർക്കാരുമായി ഇടഞ്ഞിരുന്നു. കേന്ദ്രത്തിന്റെ ആവശ്യപ്രകാരം മോദിക്കെതിരെ ട്വീറ്റ് ചെയ്ത 250 ലേറെ അക്കൗണ്ടുകൾ ട്വിറ്റർ ബ്ലോക്ക് ചെയ്തിരുന്നു. ഇത് പിന്നീട് പിൻവലിച്ചു. ട്വിറ്ററിൽ ചേരി തിരിഞ്ഞ് വാക്പോര് സജീവമാകുന്നതിനിടയിലാണ് ഡോർസിയുടെ ലൈക്കുകളും ചർച്ചയാകുന്നത്.
കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട വാർത്ത സി എൻ എൻ വാർത്ത റിഹാന പങ്കുവെച്ചിരുന്നു. എന്തുകൊണ്ട നമ്മൾ ഈ വാർത്ത ചർച്ച ചെയ്യുന്നില്ല എന്നായിരുന്നു റിഹാന ചോദിച്ചത്. ഇതാണ് ഇന്ത്യൻ സർക്കാരിനെ ചൊടിപ്പിച്ചതും വാൻ വിവാദങ്ങൾക്ക് തിരികൊളുത്തിയതും. പിന്നീട് പ്രക്ഷോഭം ആഗോളതലത്തിൽ തിരികൊളുത്തി.