Latest NewsNationalNews

വസ്ത്രത്തിനുള്ളില്‍ തൊട്ടാല്‍ മാത്രം പീഡനം, വിവാദ ജഡ്ജിക്കെതിരെ നടപടി

നാഗ്പുര്‍ : വിചിത്രമായ ഉത്തരവുകള്‍ പുറപ്പെടുവിച്ച ജഡ്ജി ഒടുവില്‍ കുടുങ്ങി. ശരീരത്തില്‍ നേരിട്ടല്ലാതെ വസ്ത്രത്തിനു പുറത്തുകൂടി സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്നു നിരീക്ഷിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ ജഡ്ജിക്കെതിരെ നടപടി. നിലവില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ സിംഗിള്‍ ബെഞ്ചിലെ അഡീഷണല്‍ ജഡ്ജിയായ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയെ സ്ഥിരം ജഡ്ജിയാക്കാനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചു. ഇവര്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കും. പെണ്‍കുട്ടിയെ കയറിപ്പിടിച്ചാലും വസ്ത്രമഴിച്ചില്ലെങ്കില്‍ പോക്‌സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈക്കോടതി നാഗ്പുര്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. അഡ്വക്കേറ്റ് ജനറല്‍ അശുതോഷ് കുംഭകോണി ശനിയാഴ്ച അപ്പീല്‍ ഫയല്‍ ചെയ്യും.

കഴിഞ്ഞ ദിവസവും വീണ്ടും വിവാദത്തിനു തിരികൊളുത്തി ഇവര്‍ പുതിയ ഉത്തരവിട്ടു. പീഡനത്തെ പ്രതിരോധിക്കുന്ന ഇരയെ കീഴ്‌പ്പെടുത്തി വസ്ത്രമഴിച്ച് പീഡിപ്പിക്കാന്‍ ഒരാള്‍ക്കു ഒറ്റയ്ക്കു സാധിക്കില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ നിരീക്ഷണം. കേസില്‍ പ്രതിയായ 26 കാരനെ കുറ്റവിമുക്തനാക്കി കൊണ്ടാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ വിചിത്ര നിരീക്ഷണം. ഒരാള്‍ക്കു തനിയെ ഒരേസമയം ഇരയുടെ വായ പൊത്തിപ്പിടിക്കുകയും വസ്ത്രം അഴിച്ച് ബലാത്സംഗം ചെയ്യുകയും അസാധ്യമാണെന്നും വിധിന്യായത്തില്‍ പുഷ്പ ഗനേഡിവാല പറയുന്നു.

2013 ജൂലെയില്‍ അയല്‍വാസിയായ സൂരജ് കാസര്‍കര്‍ എന്ന യുവാവ് പതിനഞ്ചു വയസ്സ് മാത്രമുള്ള തന്റെ മകളെ വീട്ടില്‍ അതിക്രമിച്ച് ബലാത്സംഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അമ്മയാണ് കേസ് ഫയല്‍ ചെയ്തത്. അതിക്രമത്തിന് ഇരയാകുമ്‌ബോള്‍ പെണ്‍കുട്ടിയുടെ പ്രായം 18 വയസ്സിനു താഴെയാണെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ലൈംഗിക അതിക്രമത്തിന് ഇരയാകുമ്‌ബോള്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിരുന്നുവെന്നും ഉഭയസമ്മത പ്രകാരമായിരുന്നു ലൈംഗിക ബന്ധമെന്നുമായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്.

അയല്‍വാസിയായ പ്രതി മദ്യലഹരിയില്‍ സംഭവദിവസം രാത്രി 9.30 ന് വീട്ടില്‍ അതിക്രമിച്ചു കയറി തന്നെ ബലാത്സംഗം ചെയ്തുവെന്നു പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. അമ്മയടക്കമുള്ളവര്‍ സംഭവ സമയത്ത് വീട്ടില്‍ ഇല്ലായിരുന്നുവെന്നും നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ വായപൊത്തിപ്പിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുമാറ്റി പീഡിപ്പിച്ചുവെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. വിചാരണക്കോടതി പ്രതിക്ക് വിധിച്ച പത്ത് വര്‍ഷത്തെ ശിക്ഷയും നാഗ്പുര്‍ സിംഗിള്‍ ബെഞ്ച് റദ്ദാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button