വിവാദങ്ങളെ പ്രണയിക്കുന്ന പിണറായി സൃഷ്ടിക്കുന്നത് ക്ലീന്‍ ഇമേജ്
കൊച്ചി: നാര്‍ക്കോട്ടിക് ജിഹാദ് വിഷയം കേരളത്തില്‍ വന്‍ വിവാദമായി കത്തിപ്പടരുമ്പോള്‍ നേട്ടം കൊയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍. മതമൈത്രി തകര്‍ക്കപ്പെടുമെന്ന ആശങ്ക പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുമ്പോള്‍ അതെല്ലാം തന്റെ സ്വകാര്യനേട്ടമാക്കുകയാണ് അദ്ദേഹം. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ രക്ഷകന്റെ താരപരിവേഷം രാഷ്ട്രീയ എതിരാളികളാണ് പിണറായിക്ക് ചാര്‍ത്തിക്കൊടുക്കുന്നത്.
സിഎഎയും കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതുമെല്ലാം മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന് കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിച്ചു. അവിടെ നേട്ടം കൊയ്തത് പിണറായിയാണ്. കേന്ദ്രത്തെ വിമര്‍ശിക്കുകയും കേരളത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ നടപ്പിലാക്കില്ലെന്നും മുസ്ലീങ്ങളെ വിശ്വസിപ്പിക്കുന്നതില്‍ പിണറായി വിജയിച്ചു. മുസ്ലീങ്ങള്‍ക്ക് ഇപ്പോഴും അസ്പൃശ്യമായ ബിജെപി അവരുടെ ആശങ്കയകറ്റാന്‍ രാഷ്ട്രീയ പ്രചാരണങ്ങള്‍ നടത്താതിരുന്നതും ഇക്കാര്യത്തില്‍ പിണറായിയെ സഹായിച്ചു.
ഇപ്പോള്‍ പാലാ ബിഷപ്പ് ഉയര്‍ത്തിയ വിവാദത്തെ പിണറായി നേരിട്ടതും വളരെ തന്ത്രപരമായിത്തന്നെയാണ്. നര്‍ക്കോട്ടിക് ജിഹാദില്‍ പാലാ ബിഷപ്പിന്റെ പരാമര്‍ശം അതിരുവിട്ടതായി പോയി എന്നതായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്. ഈ സംഭവം മുതലെടുക്കാന്‍ ബിജെപി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ കരുതലുമായി നേട്ടം ഉണ്ടാക്കിയത് പിണറായി വിജയനാണ്.
വിവാദ പരാമര്‍ശത്തിന്റെ പേരില്‍ പാലാ ബിഷപ്പിനെതിരെ കേസ് എടുക്കാന്‍ ആലോചിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയത് ഇതിന്റെ ഭാഗമാണ്. നര്‍കോട്ടിക് ജിഹാദില്‍ പാലാ ബിഷപ്പിനെ അനുകൂലിക്കാത്ത പിണറായി കരുതലോടെ എല്ലാം അനുകൂലമാക്കുകയാണ്. ക്രൈസ്തവരെ പൂര്‍ണമായും കോണ്‍ഗ്രസില്‍ നിന്നും അകറ്റി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്ത്യയിലെ ഏക തുരുത്തായ കേരളത്തിലെങ്കിലും നിലനിര്‍ത്തുകയെന്ന ലക്ഷ്യമാണ് പിണറായിക്കുള്ളത്.
കെ.എം. മാണി മരിച്ചതോടെ കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണിയെ ഇടതുമുന്നണിയില്‍ എത്തിച്ച് മധ്യകേരളത്തിലെ ക്രൈസ്തവ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ അദ്ദേഹത്തിനായി. നര്‍ക്കോട്ടിക് മാഫിയയെ മാഫിയയായി കാണണം. അതിന് ഏതെങ്കിലും മതചിഹ്നം നല്‍കാന്‍ പാടില്ല. അത് ആ മതത്തിലുള്ളവരെ വ്രണപ്പെടുത്തും. അത്തരം സമീപനം ആദരണീയരായ വ്യക്തികളില്‍ നിന്നുണ്ടാകരുത്. നര്‍കോട്ടിക് ജിഹാദ് എന്നത് ഇതുവരെ ആരും കേള്‍ക്കാത്ത കാര്യമാണ്. അത് മനസിലാക്കാന്‍ പ്രയാസമുണ്ട്.
പെണ്‍കുട്ടികളെ ആഭിചാര പ്രയോഗത്തിലൂടെ വശീകരിക്കുന്നു എന്നൊക്കെ പറയുന്നത് നാടുവാഴിക്കാലത്തെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഉയര്‍ന്ന ശാസ്ത്രബോധമുള്ള ഈ കാലത്ത് അതൊന്നും ചെലവാകില്ല. ഇത്തരം കാര്യങ്ങളില്‍ പ്രകോപിതരാകാതിരിക്കുകയാണു വേണ്ടത്- ഇതായിരുന്നു പിണറായിയുടെ പ്രതികരണം. ഇത് മുസ്ലീം സമൂഹത്തില്‍ പിണറായിക്കുണ്ടായിരുന്ന രക്ഷകപരിവേഷം ഊട്ടി ഉറപ്പിക്കാന്‍ സഹായിക്കുന്ന പ്രസ്താവനയായി മാറി.
ബിഷപ്പിനെതിരെ കേസെടുക്കണമെന്ന മുസ്ലിം സംഘനടകളുടെ ആവശ്യം പിണറായി വിജയന്‍ പരിഗണിക്കുകപോലും ചെയ്യാതെ തള്ളിക്കളഞ്ഞു. ബിഷപ്പിനെതിരെ കേസെടുത്താല്‍ അതിന്റെ ആനുകൂല്യം ബിജെപിക്കാണെന്ന് പിണറായി മുന്‍കൂട്ടി കാണുകയും ആ സാഹചര്യം ഇല്ലാതാക്കുകയും ചെയ്തു. നര്‍കോട്ടിക് ജിഹാദ് ഇല്ലെന്ന് പറയുമ്പോള്‍ അത് മുസ്ലീങ്ങളുടെ വാദത്തിന് ഒപ്പം നില്‍ക്കലാണ്. അതോടൊപ്പം കേസെടുക്കാതെ ബിഷപ്പിനെ പരിരക്ഷിക്കുകയും ചെയ്യുന്നു.
ഇവിടെയാണ് വിവാദങ്ങളെ തനിക്കനുകൂലമാക്കി മതവിഭാഗങ്ങള്‍ക്കിടയില്‍ താരപരിവേഷം സൃഷ്ടിക്കാനുള്ള പിണറായി വിജയന്‍ എന്ന തന്ത്രജ്ഞനായ രാഷ്ട്രീയക്കാരന്റെ കുശാഗ്രബുദ്ധി പ്രവര്‍ത്തിക്കുന്നത്. ഇതംഗീകരിക്കാതെ കരിവാരിതേക്കാന്‍ പ്രതിപക്ഷങ്ങള്‍ നടത്തുന്ന നീക്കം മലര്‍ന്നു കിടന്നു തുപ്പുന്നതുപോലെയാവുകയാണ്.