Latest NewsNationalNews

ശശികലക്കുള്ള സ്വീകരണത്തനിടെ രണ്ട് കാറുകള്‍ക്ക് തീപിടിച്ചു

ചെന്നൈ: സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി അണ്ണാഡി.എം.കെ മുന്‍ ജനറല്‍ സെക്രട്ടറിയും അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ ശശികല തമിഴ്‌നാട്ടില്‍ എത്തി. ബംഗളുരു മുതല്‍ 32 ഇടങ്ങളിലാണ് ചിന്നമ്മയെ വരവേല്‍ക്കാന്‍ സ്വീകരണ പരിപാടികള്‍ ഒരുക്കിയത്. എ.ഐ.എ.ഡി.എം.കെയുടെ കൊടി വെച്ച കാറില്‍ വാഹന വ്യൂഹത്തിന്റെ സന്നാഹത്തോടെയായിരുന്നു ശശികലയുടെ യാത്ര. എന്നാല്‍ പാര്‍ട്ടികൊടി ഉപയോഗിക്കാനാവില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞതോടെ പൊലീസ് കൊടി അഴിച്ചുമാററി.

തമിഴ്‌നാട്ടിലേക്കെത്തുന്ന ശശികല ടി നഗറിലുള്ള എം.ജി.ആറിന്റെ വസതിയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം പ്രവര്‍ത്തകരെ കാണുമെന്നാണ് അറിയിച്ചിട്ടുള്ളത്. ശശികലക്കൊപ്പം ഇളവരശിയും ചെന്നൈയിലേക്ക് എത്തും. ശശികലയുടെ വരവിനോടനുബന്ധിച്ച്‌ അണ്ണാ ഡി.എം.കെ ആസ്ഥാനത്തും പൊയസ് ഗാര്‍ഡനിലെ ജയ സ്മാരകത്തിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇളവരശിയുടെ മകള്‍ കൃഷ്ണപ്രിയക്കൊപ്പമാണ് ശശികല താമസിക്കുക.സ്വീകരണത്തിനിടെ ശശികലയുടെ രണ്ട് കാറുകള്‍ക്ക് തീപിടിച്ചു. കൃഷ്ണഗിരി ടോള്‍ ഗേറ്റിന് സമീപമാണ് അപകടം. പടക്കം പൊട്ടുന്നതില്‍ നിന്നും ഉണ്ടായ തീപൊരിയാണ് അപകടത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം.

ജയിലില്‍ പോകുന്നതിന് മുന്‍പ് തന്നെ എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് ശശികലയെ പുറത്താക്കിയിരുന്നു. എന്നാല്‍ ഇപ്പോഴും അണ്ണാഡി.എം.കെയുടെ ജനറല്‍ സെക്രട്ടറി താനാണെന്നാണ് ശശികല അവകാശപ്പെടുന്നത്. അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്ന പാര്‍ട്ടി രൂപീകരിച്ചാണ് ജയലളിത മരിച്ച ശേഷം വന്ന ഒഴിവില്‍ ടി.ടി.വി ദിനകരന്‍ മത്സരിച്ചത്. ഡി.എം.കെയെയും അണ്ണാഡി.എം.കെയെയും തോല്‍പ്പിച്ച്‌ ദിനകരന്‍ ഇവിടെ എം.എല്‍.എയായി.

അനധികൃത സ്വത്ത് സമ്ബാദനകേസില്‍ നാല് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം 14 ദിവസത്തെ ക്വാറന്റൈന്‍ കൂടി കഴിഞ്ഞായിരുന്നു ശശികല പുറത്തിറങ്ങിയത്. ശശികല ജയില്‍മോചിതയായതിന് പിന്നാലെ തമിഴ് രാഷ്ട്രീയത്തിലെ ചലനങ്ങള്‍ ഉറ്റുനോക്കുകയാണ് നിരീക്ഷകര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button