പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ രണ്ട് മക്കൾ അറസ്റ്റിലായി,ഓഫിസ് ജപ്തി ചെയ്തു

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഉടമ റോയ് ഡാനിയലിന്റെ രണ്ട് മക്കൾ ഡൽഹി വിമാനത്താവളത്തിൽ പിടിയിലായി. റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരാണ് പിടിയിലായത്. ഇവരെ കേരള പൊലീസിന് കൈമാറും. റിനു മറിയം തോമസ് കമ്പനി സിഇഒ യും, റിയ ആൻ തോമസ് കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗവുമാണ്. പോപ്പുലർ ഫിനാൻസ് കേസിൽ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. നിക്ഷേപകന്റെ ഹർജി പരിഗണിച്ച പത്തനംതിട്ട സബ് കോടതി പോപ്പുലറിന്റെ ആസ്ഥാന ഓഫിസ് ജപ്തി ചെയ്തു നോട്ടീസ് പതിച്ചു.
അന്വേഷണ സംഘത്തിന്റെ നിർദേശത്തെ തുടർന്ന് പ്രതികൾക്ക് വിവിധ ദേശസാൽകൃത ബാങ്കുകളിലുള്ള അക്കൗണ്ടുകൾ മരവിപ്പിക്കുകയായിരുന്നു. എംഡി തോമസ് ഡാനിയേൽ, ഭാര്യ പ്രഭ എന്നിവരുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇതിനിടെ ഇടനിലക്കാരൻ മുഖേന പ്രതികൾ ഒരു ബാങ്ക് ശാഖയിൽ നിന്നും പണം പിൻവലിക്കാൻ ശ്രമം നടത്തിയിരുന്നു. അതേസമയം, അടൂർ സ്വദേശി കെ വി സുരേഷ് എന്ന നിക്ഷേപകന്റെ ഹർജി പരിഗണിച്ചച്ചാണ് സബ്ബ് കോടതി പോപ്പുലർ ഫിനാൻസിന്റെ വകയാർ ഓഫിസ് ജപ്തി ചെയ്തത്. പോപ്പുലർ ഫിനാൻസിലെ നിക്ഷേപകന്റെ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. 46 ലക്ഷമാണ് ഹർജിക്കാരന് ലഭിക്കാനുള്ളത്.
പോപ്പുലർ ഫിനാൻസ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് വമ്പൻ തിരിമറികൾ നടന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. കേസിൽ സ്ഥാപനം ഉടമ റോയ് ഡാനിയേലിനും ഭാര്യ പ്രഭയ്ക്കുമെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കോന്നി, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിലായി രണ്ട് കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം അടൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട്, തുടങ്ങിയ വകുപ്പുകൾ പ്രതിൾക്കെതിരെ ചുമത്തും. കേസിൽ ഡയറക്ടർ ബോർഡ് മെമ്പർമാരും പ്രതികളാവും. ആയിരക്കണക്കിന് പേർ കോടിക്കണക്കിന് രൂപയാണ് പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ചിട്ടുള്ളതെന്നും, പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ 274 ശാഖകളിലായി 2000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നുമാണ് പോലീസ് അവകാശപ്പെടുന്നത്.