രണ്ട് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊന്ന് ഉപേക്ഷിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ക്ഷേത്ര വളപ്പില്‍

ഭോപ്പാല്‍ : രണ്ട് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി . ഭോപ്പാലിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത് . ഭോപ്പാലിലെ അയോധ്യ നഗറിലെ ക്ഷേത്ര വളപ്പില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് .
കുഞ്ഞിന്റെ മൃതദേഹത്തില്‍ മുറിവേറ്റത്തിന്റെ നിരവധി പാടുകളുമുണ്ട് . ഷാളില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത് . കുഞ്ഞിന‍്റെ പുറകിലും വയറ്റിലുമായി നിരവധി തവണ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു . സംഭവത്തില്‍ കൊലപാതകത്തിന് പൊലീസ് കേസെടുത്തു . ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു . അതേസമയം, കൊല്ലപ്പെട്ട കുഞ്ഞിനേയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ സമീപത്തെ ആശുപത്രികളില്‍ ജനിച്ച കുഞ്ഞുങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.