കൊറോണ വാക്സിന്റെ ജിഎസ്ടി കുറച്ചേക്കില്ല
ന്യൂ ഡെൽഹി: മെയ് 28ന് ചേരുന്ന ചരക്ക് സേവന നികുതി കൗൺസിൽ യോഗത്തിൽ കൊറോണ പ്രതിരോധ വാക്സിന് നികുതിയിളവ് നൽകിയേക്കില്ല. മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, ഓക്സിജൻ കോൺസൻട്രേറ്റ്, പൾസ് ഓക്സീമീറ്റർ, കൊറോണ പരിശോധന കിറ്റ് എന്നിവയ്ക്ക് ഇളവു നൽകുന്ന കാര്യം പരിഗണിച്ചേക്കും. പിപിഇ കിറ്റ്, എൻ95 മാസ്ക്, വെന്റിലേറ്റർ, ഹാൻഡ് സാനിറ്റൈസർ, ആർടി-പിസിആർ മെഷീൻ തുടങ്ങിയവയ്ക്ക് കൂടുതൽ ഇളവ് നൽകിയേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
നികുതി സ്ലാബിലെ മാറ്റങ്ങളെക്കുറിച്ച് ജിഎസ്ടി കൗൺസിലിന് നിർദേശം നൽകുന്ന റേറ്റ് ഫിറ്റ്മെന്റ് പാനൽ കൊറോണയുമായി ബന്ധപ്പെട്ട് നാല് ഇനങ്ങൾക്കു മാത്രം നികുതിയിളവ് നൽകിയാൽ മതിയെന്നാണ് ശുപാർശ ചെയ്തിട്ടുള്ളത്. ഇതുപ്രകാരം വാക്സിൻ ഉൾപ്പടെ 10ലധികം ഉത്പന്നങ്ങളെ നികുതിയിളവിന് പരിഗണിച്ചേക്കില്ല.
മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, ഓക്സിജൻ കോൺസെൻട്രേറ്റുകൾ, ജനറേറ്ററുകൾ, പൾസ് ഓക്സീമീറ്റർ, കോവിഡ് പരിശോധന കിറ്റ് എന്നിവയുടെ നികുതി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാനാണ് സാധ്യത. പുതുക്കിയ നിരക്കുകൾ ജൂലായ് 31 വരെയായിരിക്കും ബാധകം. പരിശോധന കിറ്റുകൾക്ക് ഓഗസ്റ്റ് 31 വരെയും നികുതിയിളവ് അനുവദിച്ചേക്കും.