ഫോട്ടോഗ്രഫി ഓസ്‌കാറില്‍ തിളങ്ങാന്‍ രണ്ട് മലയാളികള്‍

ഫോട്ടോഗ്രാഫിയിലെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ‘വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍’ മത്സരത്തിന്‍റെ ഫൈനലിലേക്ക് രണ്ട് മലയാളികളുടെ ചിത്രങ്ങള്‍. മലപ്പുറം മഞ്ചേരി എളങ്കൂര്‍ സ്വദേശി ശബരി ജാനകിയും പൊന്നാനി സ്വദേശി അനില്‍ പ്രഭാകറുമാണ് ഫൈനലിലെത്തിയത്.
കാടും മലയും താണ്ടിയെടുത്ത ആയിരക്കണക്കിന് ഫോട്ടോകളില്‍ ശബരി ജാനകിയുടെ രണ്ട് ഫോട്ടോകളാണ് വേള്‍ഡ് വൈല്‍ഡ്ളെഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ ഫൈനല്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവുംവലിയ ഫോട്ടോഗ്രാഫി പുരസ്‌കാരമായ ‘സാങ്ച്വറി ഏഷ്യ’ അവാര്‍ഡടക്കം ഒട്ടേറേ ദേശീയ പുരസ്‌കാരങ്ങള്‍ ശബരി ജാനകി നേടിയിട്ടുണ്ട്.മൃഗസംരക്ഷണവകുപ്പില്‍ ഉദ്യോഗസ്ഥനായ ശബരി ജാനകി ചിന്നാര്‍ കാട്ടില്‍നിന്നു പകര്‍ത്തിയ ‘പറക്കും അണ്ണാന്‍’, മുത്തങ്ങയില്‍നിന്നു പകര്‍ത്തിയ ‘ആല്‍ഗേ ബ്ലൂംസ്’ എന്നീ ചിത്രങ്ങളാണ് ഫൈനലിലെത്തിയത്
ഫൈനല്‍ ലിസ്റ്റില്‍ ഇടം പിടിച്ച മറ്റൊരാള്‍ ഇന്തോനേഷ്യയില്‍ സ്ഥിര താമസമാക്കിയ പൊന്നാനി സ്വദേശി അനില്‍ പ്രഭാകറാണ്. ചെളിയില്‍ പൂണ്ടുകിടക്കുന്ന മനുഷ്യനെ കൈകൊടുത്ത് സഹായിക്കാന്‍ ശ്രമിക്കുന്ന ഒറാങ് ഊട്ടാന്‍റെ ഒറ്റ ചിത്രം മതി അനില്‍ പ്രഭാകറിന്‍റെ ഫോട്ടോഗ്രാഫി മികവ് വ്യക്തമാകാന്‍.
ലണ്ടന്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയാണ് എല്ലാവര്‍ഷവും മത്സരം സംഘടിപ്പിക്കുന്നത്. ഈ വര്‍ഷത്തെ ഫലം 22-ന് പ്രഖ്യാപിക്കും. രണ്ട് പേരില്‍ ആര്‍ക്ക് പുരസ്കാരം ലഭിച്ചാലും ഈ പുരസ്കാരത്തിനര്‍ഹരാകുന്ന ആദ്യ മലയാളിയാവും.