അച്ചാർ കണ്ടെയ്‌നറിൽ വീണ സ്ത്രീയെ രക്ഷപ്പെടുത്താൻ ശ്രമിച്ചു: രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; സ്ത്രീയുടെ നില ഗുരുതരം

കെയ്‌റോ: ഈജിപ്തിലെ കെയ്‌റോയിൽ അച്ചാറുണ്ടാക്കുന്ന ഫാക്ടറിയിലെ ടാങ്കിൽ വീണ സ്ത്രീയെ രക്ഷപ്പെടുത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ മരിച്ചു. കെയ്‌റോയുടെ വടക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിലാണ് രണ്ട് ഈജിപ്ത് സ്വദേശികളുടെ മരണത്തിനിടയാക്കിയ സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗൾഫ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു.
വടക്കൻ കെയ്‌റോയിൽ നിന്ന് 110 കിലോമീറ്റർ അകലെയുള്ള ദഖലിയ പ്രവിശ്യയിലെ അച്ചാർ നിർമ്മാണശാലയിലെ വലിയ കണ്ടെയ്‌നറിൽ സ്ത്രീ തൊഴിലാളി കാൽവഴുതി വീഴുകയായിരുന്നു. ഇത് കണ്ടുനിന്ന സഹതൊഴിലാളികളായ രണ്ട് യുവാക്കൾ കണ്ടെയ്‌നറിൽ നിന്ന് സ്ത്രീയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മരിച്ചതെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി.
24ഉം 40ഉം വയസ്സുള്ള രണ്ടുപേരാണ് മരിച്ചത്. പരിക്കേറ്റ 40കാരിയായ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഫാക്ടറി ഉടമയെ കസ്റ്റഡിയിലെടുക്കാൻ ലോക്കൽ പ്രോസിക്യൂട്ടർമാർ ഉത്തരവിട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.