വാഹന പരിശോധനയ്ക്കിടെ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; രണ്ടു പൊലീസുകാരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു
തമിഴ്നാട് തിരുവണ്ണാമലയിൽ വാഹന പരിശോധനയ്ക്കിടെ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പൊലീസുകാരെ സേവനത്തിൽ നിന്ന് പുറത്താക്കി. തിരുവണ്ണാമല ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജും സുന്ദറും ആണ് പിരിച്ചുവിട്ടത്.
ഏന്തൽ ചെക്പോസ്റ്റിനടുത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോഴാണ് ഇരുവരും 19 കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ സഹോദരി നൽകിയ പരാതിയെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ഉടൻ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
വെല്ലൂർ റേഞ്ച് ഡിഐജി ജി. ധർമരാജന്റെ നിർദേശപ്രകാരം, തിരുവണ്ണാമലൈ എസ്പി എം. സുധാകർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക അന്വേഷണത്തിൽ ഇരുവരും കുറ്റക്കാരാണെന്ന് വ്യക്തമായതിനെ തുടർന്ന്, സേവനത്തിൽ നിന്ന് പുറത്താക്കാനുള്ള നടപടിയാണ് സ്വീകരിച്ചത്.
മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്. ഇരുവരും ഇപ്പോൾ വെല്ലൂർ സെൻട്രൽ ജയിലിലാണ്. ബലാത്സംഗത്തിനിരയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ് തുടരുന്നത്. സംഭവത്തെ തുടർന്ന് എഐഎഡിഎംകെയും ബിജെപിയും സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി.
Tag: Two policemen dismissed from service in rape case of girl during vehicle inspection