മലയാളികളായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തുക്കളുമായി ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍

മലയാളികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ സ്ഫോടക വസ്തുക്കളുമായി അറസ്റ്റില്‍.സ്പെഷല്‍ ടാസ്‌ക് ഫോഴ്സാണ് ഇവരെ പിടികൂടിയത്. ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഡിറ്റണേറ്ററുകളും ഇവരില്‍ നിന്ന് കണ്ടെടുത്തതായി അദ്ദേഹം അറിയിച്ചു. പത്തനംതിട്ട പന്തളം ചേരിക്കല്‍ സ്വദേശി അന്‍സാദ് ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ് ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. ക്രമസമാധാന പാലനത്തിനുളള യുപി പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാറാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്. യുപിയിലെ പ്രധാന സ്ഥലങ്ങളില്‍ അടക്കം ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നതായും പോലീസ് വെളിപ്പെടുത്തി. പ്രധാന ഹിന്ദു സംഘടനാ നേതാക്കളെയും ലക്ഷ്യം വെച്ചിരുന്നു. രണ്ട് തീവ്രവാദികള്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് എത്തുന്നതായി ഫെബ്രുവരി 13 ന് രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനൊടുവിലാണ് ഇവരെ പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവരെ ചോദ്യം ചെയ്തുവരികയാണ്.
സംശയകരമായ സാഹചര്യത്തില്‍ ചിലര്‍ യുപിയിലേക്ക് വരുന്നതായി ഫെബ്രുവരി 11 ന് പോലീസിന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന സജീവമാക്കിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പിന്നാലെ ചൊവ്വാഴ്ച ഇവരുടെ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ സ്പെഷല്‍ ടാസ്‌ക് ഫോഴ്സിന് ചോര്‍ന്നുകിട്ടി. വസന്ത പഞ്ചമി ദിനത്തില്‍ ഹിന്ദു നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്താനാണ് തീരുമാനമെന്നും വിവരം ലഭിച്ചു. ജനങ്ങളുടെ മനസില്‍ ഭയവും തീവ്രവാദ ഭീഷണിയും ഉണ്ടാക്കുകയായിരുന്നു ആക്രമണങ്ങളിലൂടെ ലക്ഷ്യമിട്ടത്. ഒപ്പം സാമൂഹ്യ മത സൗഹാര്‍ദ്ദം തകര്‍ക്കാനും പദ്ധതിയുണ്ടായിരുന്നു. ശാരീരിക ക്ഷമതയുളള ചെറുപ്പക്കാരെ കണ്ടെത്തി കായിക പരിശീലനം നല്‍കുകയും അവരെ ബ്രെയിന്‍വാഷ് ചെയ്ത് ഉപയോഗിക്കുകയുമാണ് ലക്ഷ്യമെന്ന് അറസ്റ്റിലായ ഇരുവരും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്