indiaLatest NewsNationalNews

ജമ്മുകശ്മീരിൽ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ശനിയാഴ്ച ഓപ്പറേഷന്‍ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികര്‍ വീരമൃത്യു വരിച്ചത്. ലാന്‍സ് നായിക് പ്രിതിപാല്‍ സിങ്, ശിപായി ഹര്‍മിന്ദര്‍ സിങ് എന്നിവരാണ് വീരമൃത്യുവരിച്ചത്. ഇരുവരുടെയും ഉന്നതമായ ത്യാഗത്തിനും ധീരതയും അര്‍പ്പണബോധവും എന്നെന്നും പ്രചോദനമായി തുടരുമെന്ന് ചിനാര്‍ കോര്‍പ്‌സ് അറിയിച്ചു.

വീരമൃത്യുവരിച്ചതില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു, കുടുംബത്തോടൊപ്പം നില്‍ക്കും. ദൗത്യം തുടരും സൈന്യം എക്‌സില്‍ ട്വീറ്റ് ചെയ്തു. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കഴിഞ്ഞ ഒമ്പത് ദിവസമായി മേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരവാദികള്‍ക്കെതിരായ ഓപ്പറേഷന്‍ അഖാല്‍ തുടരുകയാണ്. ഇതുവരെ 10 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഓപ്പറേഷന്‍ അഖാലിന്റെ ഭാഗമായി ഇതുവരെ അഞ്ച് ഭീകരവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. ഇതില്‍ മൂന്നുപേര്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ഭീകരവാദികളായിരുന്നു. ഓഗസ്റ്റ് ഒന്നിനാണ് ദക്ഷിണ കശ്മീരിലെ അഖാലില്‍ സുരക്ഷാ സേന ഭീകരവിരുദ്ധ ദൗത്യം ആരംഭിച്ചത്. സമീപകാലത്ത് നടന്ന ഏറ്റവും ദൗര്‍ഘ്യമേറിയ ഭീകരവിരുദ്ധ ദൗത്യമാണ് ഓപ്പറേഷന്‍ അഖാല്‍.

ശനിയാഴ്ച മൂന്ന് ഭീകരവാദികള്‍ കൂടി അഖാലിലെ വനമേഖലയ്ക്കുള്ളിലുണ്ട് എന്ന് സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിരുന്നു. പ്രദേശത്തെ സ്വാഭാവിക ഗുഹകളിലാണ് ഇവര്‍ താവളമടിച്ചിരിക്കുന്നതെന്നാണ് സുരക്ഷാസേന പറയുന്നത്. ദുര്‍ഘടമായ പ്രദേശമായതിനാല്‍ ഭികരവാദികളെ പിടികൂടുന്നത് അത്ര എളുപ്പമല്ല. ഭീകരവാദികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതനുസരിച്ച് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പാരാകമാന്‍ഡോകളും സിആര്‍പിഎഫും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായാണ് ഭീകരവിരുദ്ധ നീക്കം നടത്തുന്നത്. ഡ്രോണുകളുടെയും ഹെലികോപ്റ്ററുകളുടെയും സഹായത്തോടെ ഒളിച്ചിരിക്കുന്ന ഭീകരവാദികളെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്.

Tag: Two soldiers martyred in encounter with terrorists in Jammu and Kashmir

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button