GamesLatest NewsNationalNewsSportsWorld

ടോക്യോ ഒളിമ്പിക്‌സിന് ഇന്ന് തുടക്കം,അമ്പെയ്ത്തില്‍ ദീപിക കുമാരി, അതാനു ദാസ് എന്നിവര്‍ ഇന്നിറങ്ങും

ടോക്യോ: ടോക്യോ ഒളിമ്പിക്‌സിന് ഇന്ന് തുടക്കം. ആദ്യ ദിനമായ വെള്ളിയാഴ്ച ഇന്ത്യയ്ക്കായി അമ്പെയ്ത്തില്‍ വനിതകളുടെ വ്യക്തിഗത റാങ്കിങ് റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം ദീപിക കുമാരി, പുരുഷന്‍മാരുടെ വ്യക്തിഗത റാങ്കിങ് റൗണ്ടില്‍ അതാനു ദാസ് എന്നിവര്‍ ഇറങ്ങും.

യുമെനോഷിമ റാങ്കിങ് ഫീല്‍ഡിലാണ് മത്സരങ്ങള്‍. പവിന്‍ യയാദവ്, തരുണ്‍ദീപ് റായ് എന്നിവരാണ് ഇന്ന് അമ്പെയ്ത്തില്‍ പങ്കെടുക്കുന്ന മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
”കാണികള്‍ക്ക് അനുമതിയില്ല. ടെലിവിഷനിലാണ് മേളക്കാഴ്ചകള്‍. സോണി നെറ്റ്വര്‍ക്കില്‍ തത്സമയം. ഉദ്ഘാടനച്ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ കുറച്ച് താരങ്ങള്‍ മാത്രം.ഇന്ത്യന്‍ സമയം വൈകിട്ട് നാലിന് ജാപ്പാനീസ് ചക്രവര്‍ത്തി നാറുഹിറ്റോ ഉദ്ഘാടനം നിര്‍വഹിക്കും. ആഗസ്ത് എട്ടിനാണ് സമാപനം. കഴിഞ്ഞ ജൂലൈയില്‍ നടക്കേണ്ടത് കോവിഡ് കാരണം ഒരുവര്‍ഷം വൈകി. റദ്ദാക്കാന്‍വരെ ആലോചിച്ചെങ്കിലും രാജ്യാന്തര ഒളിമ്പിക് സമിതിയും (ഐഒസി) ജപ്പാന്‍ സര്‍ക്കാരും ഉറച്ചുനിന്നതോടെ ടോക്യോ ഉണര്‍ന്നു.

രണ്ടാംതവണയാണ് ജപ്പാനില്‍ ഒളിമ്പിക്സ്. 1964ലായിരുന്നു ആദ്യം.
കോവിഡ് കാരണം നിരവധി താരങ്ങളും ചില രാജ്യങ്ങളും വിട്ടുനില്‍ക്കുന്നു. ഉത്തരകൊറിയ ആദ്യം പിന്മാറി. ആഫ്രിക്കന്‍ രാജ്യമായ ഗിനിയയും പിന്മാറുമെന്ന് അറിയിച്ചു.അമേരിക്കയാണ് നിലവിലെ ചാമ്പ്യന്‍മാര്‍.

വെല്ലുവിളി ഉയര്‍ത്തി ചൈനയും ബ്രിട്ടനുമുണ്ട്. ആതിഥേയരായ ജപ്പാനും കടുത്ത പോരാട്ടം പുറത്തെടുക്കും. ഇതിഹാസതാരങ്ങളായ യുസൈന്‍ ബോള്‍ട്ടും മൈക്കേല്‍ ഫെല്‍പ്സും കളംവിട്ടശേഷമുള്ള ആദ്യമേളയാണിത്. സിമോണി ബൈല്‍സ്, കാലെബ് ഡ്രെസെല്‍, ഷെല്ലി ആന്‍ഫ്രേസര്‍ പ്രൈസി തുടങ്ങിയ ലോകോത്തര താരങ്ങളായിരിക്കും മേളയുടെ ആകര്‍ഷണം.
അത്ലറ്റിക്സും നീന്തലുമാണ് ആവേശ ഇനങ്ങള്‍. അത്ലറ്റിക്സ് 30ന് തുടക്കമാകും. അഭയാര്‍ഥി അത്ലീറ്റുകളും മേളയിലുണ്ട്. ഇന്ത്യക്ക് 127 കായികതാരങ്ങളുണ്ട്. ഒമ്പതു മലയാളിതാരങ്ങളും ഉള്‍പ്പെടും. ഷൂട്ടിങ്ങിലും ഹോക്കിയിലും മെഡല്‍പ്രതീക്ഷയുണ്ട്. ഫുട്ബോള്‍, സോഫ്റ്റ്ബോള്‍ മത്സരം തുടങ്ങി. പുരുഷ ഫുട്ബോളില്‍ ചാമ്പ്യന്‍മാരായ ബ്രസീല്‍ ജര്‍മനിയെ 4-2ന് തോല്‍പ്പിച്ചു. അര്‍ജന്റീനയും ഫ്രാന്‍സും തോറ്റു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button