മൂന്നാറിൽ മുംബൈ സ്വദേശിനിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് ടാക്‌സി ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു
മൂന്നാറിൽ മുംബൈ സ്വദേശിനിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് ടാക്‌സി ഡ്രൈവർമാരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാർ സ്വദേശികളായ വിനായകനെയും വിജയകുമാറിനെയും ആണു പോലീസ് പിടികൂടിയത്. കേരളസന്ദർശനത്തിനിടെ നേരിട്ട ദുരനുഭവം പങ്കുവെച്ച മുംബൈ സ്വദേശിനിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായ ചർച്ചയായിരുന്നു.
മുംബൈയിലെ അസിസ്റ്റന്റ് പ്രൊഫസറായ ജാൻവി എന്ന യുവതിയാണ് ഈ അനുഭവം പങ്കുവെച്ചത്. മൂന്നാർ സന്ദർശന വേളയിൽ ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്യുന്നതിനിടെ പ്രദേശവാസികളായ ടാക്സി ഡ്രൈവർമാരും പൊലീസുകാരും തന്നോട് അനീതിപരമായ പെരുമാറ്റം കാണിച്ചുവെന്നാണ് ജാൻവിയുടെ ആരോപണം. ഒക്ടോബർ 31-ന് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് യുവതി സംഭവവിവരം പറഞ്ഞത്.
കൊച്ചി, ആലപ്പുഴ എന്നിവിടങ്ങൾ സന്ദർശിച്ചശേഷമാണ് ജാൻവിയും സുഹൃത്തുക്കളും ഓൺലൈൻ ടാക്സിയിൽ മൂന്നാറിലെത്തിയത്. എന്നാൽ, “മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമുണ്ട്” എന്ന് പറഞ്ഞ് പ്രാദേശിക യൂണിയൻ അംഗങ്ങൾ ഇവരെ തടഞ്ഞു. സ്ഥലത്തെ ടാക്സികളിൽ മാത്രമേ യാത്ര തുടരാൻ കഴിയൂവെന്ന് ഭീഷണിപ്പെടുത്തിയതോടെ ജാൻവി പോലീസിനെ സമീപിച്ചു. എന്നാൽ, പോലീസും അതേ നിലപാട് ആവർത്തിച്ചതായും അവൾ ആരോപിച്ചു. അവസാനം, മറ്റൊരു ടാക്സി ഉപയോഗിച്ച് യാത്ര തുടർന്നെങ്കിലും സുരക്ഷിതമല്ലെന്ന് തോന്നിയതിനാൽ അവർ കേരളസന്ദർശനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പോലീസ് നടപടി സ്വീകരിച്ചു. എഎസ്‌ഐ സാജു പൗലോസിനെയും ഗ്രേഡ് എസ്‌ഐ ജോർജ് കുര്യനെയും സസ്‌പെൻഡ് ചെയ്തു. യുവതിയുടെ പരാതിയിൽ ഉൾപ്പെട്ട മറ്റ് ആളുകളെ കുറിച്ചും വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Tag: Two taxi drivers arrested for threatening Mumbai woman in Munnar




