Uncategorized

സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന സന്ദേശം രക്ഷിതാക്കൾക്ക് അയച്ച സംഭവം; കടവല്ലൂർ സിറാജുല്‍ ഉലൂം സ്കൂളിലെ രണ്ട് അധ്യാപികമാർക്ക് സസ്പെൻഷൻ

സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന സന്ദേശം രക്ഷിതാക്കൾക്ക് അയച്ച സംഭവത്തിൽ അധ്യാപികമാർക്കെതിരെ നടപടി. തൃശൂർ കടവല്ലൂർ സിറാജുല്‍ ഉലൂം സ്കൂളിലെ രണ്ട് അധ്യാപികമാരെയാണ് സസ്പെൻഡ് ചെയ്തത്. സ്കൂളിൽ നാളെ ഓണാഘോഷം നടക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡിവൈഎഫ്‌ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

“ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും മുസ്ലിം വിഭാ​ഗത്തിൽപ്പെട്ടവർ അതിൽ പങ്കെടുക്കരുതെന്നും” പറഞ്ഞുകൊണ്ടാണ് അധ്യാപിക രക്ഷിതാക്കൾക്ക് ശബ്ദസന്ദേശം അയച്ചത്. “കഴിഞ്ഞ വർഷം പോലെ ഇത്തവണയും ഓണാഘോഷം വേണ്ട. മുസ്ലിംകൾക്ക് ഇസ്ലാം മതത്തിൽ ഉറച്ചുനിൽക്കണം” തുടങ്ങിയ സന്ദേശമാണ് നൽകിയിരുന്നതെന്നും പരാതിയിൽ പറയുന്നു. ചെറിയ പ്രായത്തിലുള്ള കുട്ടികളെ മതപരമായി വേർതിരിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണിതെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.

വിവിധ മതവിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളായതിനാൽ ഇത്തരം പ്രസ്താവനകൾ അപകടകരമാണെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി. മറ്റൊരു അധ്യാപികയും രക്ഷിതാക്കൾക്ക് സമാനമായ ശബ്ദസന്ദേശം അയച്ചിരുന്നു. അതിൽ, കഴിഞ്ഞ വർഷം ഓണം വിപുലമായി ആഘോഷിച്ചെങ്കിലും ഇത്തവണ പരിമിതമായ രീതിയിലാണ് ആഘോഷമെന്നാണു മാനേജ്മെന്റിന്റെ തീരുമാനം എന്ന് പറഞ്ഞിരുന്നു. കെ.ജി വിഭാഗം കുട്ടികൾക്ക് ഓണാഘോഷദിനത്തിൽ അവധി നൽകിയതും സന്ദേശത്തിൽ പരാമർശിച്ചിട്ടുണ്ട്.

“ഓണാഘോഷത്തിൽ ആരാധന ഉൾപ്പെടുന്നതും അത് ഹിന്ദുമതത്തിന്റെ ഭാഗമായതിനാൽ മുസ്ലിം കുട്ടികൾ പങ്കെടുക്കരുത്” എന്നതാണ് സന്ദേശത്തിലെ മറ്റൊരു ഭാഗം.

എന്നാൽ, അധ്യാപികമാർ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമത്രെയാണെന്നും സ്കൂളിന്റെ നിലപാടല്ലെന്നും പ്രിൻസിപ്പൽ വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സസ്പെൻഷൻ നടപടി വന്നത്.

Tag: Two teachers of Sirajul Uloom School, Kadavallur, suspended for sending message to parents saying no to Onam celebrations in school

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button