രണ്ട് ട്രെയിനുകൾക്ക് കേരളത്തിൽ സ്റ്റോപ്പ് അനുവദിച്ചു
കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ഗുണം ചെയ്യുന്ന തരത്തിൽ നാഗർകോവിൽ– കോട്ടയം എക്സ്പ്രസിന് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചതായി റെയിൽവേ അറിയിച്ചു. നാഗർകോവിൽ– കോട്ടയം എക്സ്പ്രസിന് ഇനി മുതൽ ഓച്ചിറയിൽ സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതാണ്. മംഗലാപുരം സെൻട്രൽ–തിരുവനന്തപുരം എക്സ്പ്രസിന് ശാസ്താംകോട്ടയിലും സ്റ്റോപ്പ് അനുവദിച്ചു.
കോട്ടയം–നിലമ്പൂർ എക്സ്പ്രസിന് പുതുതായി അനുവദിച്ച മൂന്ന് സ്റ്റോപ്പുകൾ (കുളുക്കല്ലൂർ, പട്ടിക്കാട്, മേലാറ്റൂർ) തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. നിലമ്പൂർ–കോട്ടയം സർവീസിനും മൂന്നു സ്ഥലങ്ങളിലും സ്റ്റോപ്പ് ലഭിക്കും. നിലമ്പൂർ– ഷൊർണൂർ പാതയിലെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിക്കണമെന്ന യാത്രക്കാരുടെ ദീർഘകാല ആവശ്യം ഭാഗികമായി പരിഹരിക്കപ്പെടുന്നതാണിത്.
അതേസമയം, എറണാകുളം–ഷൊർണൂർ മെമു സർവീസ് അടുത്ത ആഴ്ച മുതൽ നിലമ്പൂരിലേക്കും നീട്ടി നടത്തും. രാത്രി 8.35ന് ഷൊർണൂരിൽ നിന്ന് പുറപ്പെട്ട് 10.05ന് നിലമ്പൂരിലെത്തുകയും പുലർച്ചെ 3.40ന് നിലമ്പൂരിൽ നിന്ന് പുറപ്പെട്ട് 4.55ന് ഷൊർണൂരിൽ എത്തുകയും ചെയ്യുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
കൂടാതെ, യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്, കഴിഞ്ഞ ദിവസം നിലമ്പൂർ–കോട്ടയം എക്സ്പ്രസ് ട്രെയിനിലെ കോച്ചുകളുടെ എണ്ണം 14ൽ നിന്ന് 16 ആയി വർധിപ്പിച്ചിരുന്നു.
Tag: Two trains allowed to stop in Kerala