പതിനാറുകാരി ആൺസുഹൃത്തിനെ കഴുത്തറുത്ത് കൊന്നു;ഗർഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു, ഭീഷണിപ്പെടുത്തി

റായ്പൂർ: ഗർഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെടുകയു നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്ത ആൺസുഹൃത്തിനെ പതിനാറുകാരി കഴുത്തറുത്ത് കൊന്നു. ചത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. ഗഞ്ച് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിൽ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.ബിലാസ്പൂരിലെ കോനി പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ പെൺകുട്ടി സെപ്റ്റംബർ 28നാണ് ആൺസുഹൃത്തായ മുഹമ്മദ് സദ്ദാമിനെ കാണാനായി റായ്പൂരിലെത്തിയത്. ബിഹാർ സ്വദേശിയായ സദ്ദാം അബൻപൂരിലാണ് എഞ്ചിനീയറായി ജോലി ചെയ്യുന്നത്. റായ്പുരിലെ സത്കർ ഗലി പ്രദേശത്തെ അവോൻ ലോഡ്ജിൽ ഇരുവരും ശനിയാഴ്ച മുറിയെടുത്തു.
മുറിയിൽവെച്ച് സദ്ദാം പെൺകുട്ടിയോട് ഗർഭം അലസിപ്പിക്കണമെന്ന് നിർബന്ധിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൂന്ന് മാസം ഗർഭിണിയാണ്. വാക്കേറ്റവും ഭീഷണിയും തുടർന്ന സദ്ദാമിനെ ഉറങ്ങിക്കിടക്കുന്നതിനിടെ പെൺകുട്ടി കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം സദ്ദാമിന്‍റെ മൊബൈൽ ഫോണുമായി പുറത്തിറങ്ങിയ പെൺകുട്ടി മുറി പൂട്ടി താക്കോൽ അടുത്തുള്ള റെയിൽവേ ട്രാക്കിലേക്ക് എറിഞ്ഞു.വിവാഹം കഴിക്കാനാവില്ലെന്ന് പറഞ്ഞ് സദ്ദാം പെൺകുട്ടിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതേ കത്തി കൊണ്ടാണ് പെൺകുട്ടി കൊലപാതകം നടത്തിയത്. കൊലപാതകത്തിന് പിറ്റേന്ന് ബിലാസ്പൂരിൽ തിരിച്ചെത്തിയ കുട്ടി കൊലപാതകം നടത്തിയകാര്യം അമ്മയോട് സമ്മതിച്ചു. ഇത് കേട്ട മാതാവ് കുട്ടിയുമായി കോനി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പിന്നാലെ ലോഡ്ജിലെത്തിയ പൊലീസ് രക്തത്തിൽ കുതിർന്ന സദ്ദാമിന്റെ മൃതദേഹം കണ്ടെത്തി.
Tag: Sixteen-year-old boyfriend strangled to death; Threatened and demanded an abortion