കമന്റുകള്‍ എത്തിയതോടെ പോസ്റ്റ് മുക്കി പ്രതിഭ: അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് വിശദീകരണം
തിരുവനന്തപുരം: ‘പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും’ എന്ന കായംകുളം എം എല്‍ എ യു പ്രതിഭയുടെ വിവാദ ഫേസ്ബുക്ക് കുറിപ്പില്‍ ആടിയുലഞ്ഞ് സി പി എം. ആലപ്പുഴയിലെ പാര്‍ട്ടി നേതാക്കള്‍ക്ക് ഇന്നലെ രാത്രി ഫോണ്‍ താഴെ വയ്‌ക്കാന്‍ പോലും സമയം കിട്ടിയില്ല. സംസ്ഥാന നേതാക്കള്‍ അടക്കം വിഷയത്തില്‍ ഇടപെട്ടതോടെ ഫേസ്‌ബുക്ക് കുറിപ്പ് മുക്കാതെ പ്രതിഭയ്‌ക്ക് മുന്നില്‍ വേറെ വഴിയില്ലാതായി.
ആലപ്പുഴ സി പി എമ്മില്‍ വിഭാഗതിയത ആളിക്കത്തുന്നതിനിടെയുലുണ്ടായ എം എല്‍ എയുടെ പരാമര്‍ശത്തില്‍ സംസ്ഥാന സി പി എം നേതാക്കളും കുഴങ്ങി. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, എം എല്‍ എ നടത്തിയ രാഷ്ട്രീയ വിമര്‍ശനം കാര്യഗൗരവത്തോടെയാണ് സി പി എം നേതൃത്വം കാണുന്നത്. സി പി എം സംസ്ഥാന നേതാക്കളിലെ പ്രമുഖ നേതാക്കളില്‍ ചിലര്‍ ഫോണില്‍ വിളിച്ച് ശകാരിച്ചതോടെയാണ് എം എല്‍ എ പോസ്റ്റ് മുക്കിയതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചതി ഉണ്ടായെന്ന സൂചന നല്‍കിയായിരുന്നു പ്രതിഭ ഫേസ്ബുക്കില്‍ അത്തരമൊരു പരാമര്‍ശം നടത്തിയത്. നിമിഷനേരംകൊണ്ട് നൂറുകണക്കിന് പേരാണ് എം എല്‍ എയുടെ പോസ്റ്റിനു താഴെ രാഷ്ട്രീയ ആരോപണങ്ങളും സംശയങ്ങളും ഉയര്‍ത്തിയത്. ജി സുധാകരനെ ലക്ഷ്യംവച്ചാണ് ഒളിയമ്ബ് എന്ന കമന്റുകള്‍ നിറഞ്ഞതോടെ ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായി. ഇടത് പ്രൊഫൈലുകള്‍ കൂടി എം എല്‍ എയ്‌ക്കെതിരെ തിരിഞ്ഞതോടെ പാര്‍ട്ടി വിഭാഗിയത ഫേസ്ബുക്കിലൂടെ പുറംലോകം അറിഞ്ഞു.
കായംകുളത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ചില നേതാക്കള്‍ തന്നെ കാലുവാരി എന്ന സൂചനയാണ് പ്രതിഭ നല്‍കുന്നതെന്ന രാഷ്ട്രീയ ആരോപണമാണ് ഭൂരിഭാഗം പേരും പങ്കുവച്ചത്. വിവാദ പ്രസ്‌താവനകളോടെ ഈ ദിവസങ്ങളില്‍ പ്രതിസന്ധിയില്‍ അകപ്പെട്ട മന്ത്രി ജി.സുധാകരനെയാണ് ദൈവം ചതിച്ചതെന്ന് പ്രതിഭ പറഞ്ഞതെന്ന് ഭൂരിഭാഗം കമന്റുകളും സമര്‍ത്ഥിച്ചു.
ഫേസ്ബുക്കിലെ തുറന്നെഴുത്ത് പൊതു ചര്‍ച്ചയ്‌ക്ക് വിധേയമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന വിശദീകരണവുമായി വീണ്ടും പോസ്റ്റ് വന്നു. ദയവായി മറ്റു ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നായിരുന്നു പ്രതിഭയുടെ അഭ്യര്‍ത്ഥന. തൊട്ടുപിന്നാലെ അതും അപ്രത്യക്ഷമായി. പൊട്ടിത്തെറിയുണ്ടായില്ലെങ്കിലും ആലപ്പുഴയിലെ സി പി എമ്മില്‍ വിഭാഗിയത ആളിക്കത്തുകയാണ്.
മന്ത്രി ജി സുധാകരനെ ചുറ്റിപ്പറ്റിയാണ് പാര്‍ട്ടിക്കുളളില്‍ നീക്കം നടക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടി പ്രതീക്ഷിച്ചത് പോലെയല്ലെങ്കില്‍ അതിന്റെ പങ്ക് സുധാകരനില്‍ ചുമത്താന്‍ നീക്കം നടക്കുന്നതായി അദ്ദേഹത്തിനൊപ്പമുളളവര്‍ ഉറച്ച് വിശ്വസിക്കുന്നു. കായംകുളം അടക്കം ചില സീറ്റുകളിലെ ഫലങ്ങള്‍ നിരീക്ഷിച്ച് കുറ്റപത്രം തയ്യാറാക്കാന്‍ ശ്രമം നടക്കുന്നതായാണ് വിവരം. അതിനോടൊപ്പം ആലപ്പുഴ, അരൂര്‍, അമ്ബലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളിലെ ഫലം സി പി എമ്മിനെ സംബന്ധിച്ച് നിര്‍ണായകമാണ്. ഈ സീറ്റുകളില്‍ തോല്‍വിയോ വോട്ട് വ്യത്യാസമോ ഉണ്ടായാല്‍ പുതിയ വിവാദങ്ങള്‍ക്ക് ഇത് വഴിതെളിക്കും.