keralaKerala NewsLatest News

ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്; പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ കുടുംബം സുപ്രീംകോടതിയെ സമീപിക്കും

തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ കുടുംബം സുപ്രീംകോടതിയെ സമീപിക്കും. നാളെ തന്നെ അപ്പീൽ സമർപ്പിക്കുമെന്ന് കുടുംബം അറിയിച്ചു. ഇതിനായി സുപ്രീംകോടതി അഭിഭാഷകൻ ഇതിനകം കേരളത്തിലെത്തി.

പ്രതികളെ വെറുതെ വിടാനുള്ള കാരണങ്ങൾ വിശദീകരിക്കുന്ന 178 പേജുകളുള്ള ഉത്തരവ് കുടുംബത്തിന് ലഭിച്ചിട്ടുണ്ട്. അതിൽ കോടതി നൽകിയിരിക്കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകുക. അഭിഭാഷകൻ കുടുംബത്തിന്റെ വക്കാലത്ത് ഒപ്പിടുന്നതോടെ നടപടി പൂർത്തിയാകുമെന്നും ഉദയകുമാറിന്റെ അമ്മയ്ക്ക് നീതി ഉറപ്പാക്കുംവരെ പോരാട്ടം തുടരുമെന്നും പി.കെ. രാജു വ്യക്തമാക്കി.

ഈ കേസിൽ ഹൈക്കോടതി നാലു പ്രതികളെയും വെറുതെവിട്ടിരുന്നു. ഒന്നാം പ്രതിക്കെതിരെ സിബിഐ കോടതി വിധിച്ച വധശിക്ഷയും റദ്ദാക്കിയിരുന്നു. 2018ൽ സിബിഐ കോടതി രണ്ട് പ്രതികൾക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ രണ്ടാം പ്രതി ഇതിനുമുമ്പ് മരിച്ചിരുന്നു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് പ്രതികളെ വെറുതെ വിട്ടത്.

2005 സെപ്റ്റംബർ 29നാണ് കേസ് ഉണ്ടായത്. മോഷണക്കുറ്റം ആരോപിച്ച് പൊലീസ് ഉദയകുമാറിനേയും സുഹൃത്ത് സുരേഷ് കുമാറിനേയും കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുക്കുമ്പോൾ ഉദയകുമാറിന്റെ കൈവശം 4,000 രൂപ ഉണ്ടായിരുന്നു. അത് മോഷ്ടിച്ചതാണെന്നാരോപിച്ച് പൊലീസ് ക്രൂരമായി മർദിച്ച് ഉദയകുമാറിനെ കൊലപ്പെടുത്തി. കേസിലെ പ്രതികൾ ആറു പൊലീസുകാരായിരുന്നു. ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് അന്നത്തെ ഫോർട്ട് എസ്‌ഐ ഇ.കെ. സാബുവിന്റെ പ്രത്യേക സ്ക്വാഡാണ് ഉദയകുമാറിനെ കസ്റ്റഡിയിൽ എടുത്തത്.

Tag: Udayakumar lynching case: Family to approach Supreme Court against High Court verdict acquitting accused

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button