പിണറായിയെ തോല്‍പിക്കാന്‍ പേടിയോ?ധര്‍മടത്ത് ആരെ നിര്‍ത്തുമെന്ന് ധര്‍മ സങ്കടത്തില്‍ യുഡിഎഫും ബിജെപിയും

കണ്ണൂര്‍: പിണറായി വിജയന്‍ സ്വന്തം മണ്ഡലമായ ധര്‍മടത്തെ പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമിടുമ്പോഴും മുഖ്യമന്ത്രിക്കെതിരെയുള്ള സ്ഥാനാര്‍ഥിയെ തേടുകയാണ് കോണ്‍ഗ്രസും, ബി.ജെ.പിയും. സിപിഎമ്മിനു വന്‍ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ സംസ്ഥാന നേതാക്കളാരും മത്സരത്തിനു തയാറായില്ലെങ്കില്‍ ജില്ലാ നേതാക്കള്‍ക്ക് നറുക്ക് വീഴും. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതു മത്സരത്തിന്റെ ഗൗരവം കുറയ്ക്കുമെന്ന വിലയിരുത്തലും മുന്നണി നേതൃത്വങ്ങള്‍ക്കുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പിണറായി വിജയന്‍ ധര്‍മടത്ത് എത്തുമ്പോഴും എതിരാളി ആര് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ ധര്‍മടം വേണ്ടെന്ന് നിലപാടെടുത്തതോടെ മറ്റൊരാള്‍ക്കായി യു.ഡി.എഫ് ക്യാംപ് അന്വേഷണം ഊര്‍ജിതമാക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയോടു മത്സര സന്നദ്ധത ആരാഞ്ഞെങ്കിലും മുന്‍പു കോടിയേരി ബാലകൃഷ്ണനെതിരെ സിപിഎം കോട്ടയില്‍ മത്സരിച്ച താന്‍ ഇനി മറ്റൊരു സിപിഎം കോട്ടയില്‍ മത്സരിക്കേണ്ടതുണ്ടോ എന്നായിരുന്നു റിജിലിന്റെ ചോദ്യം.
കോഴിക്കോട് ജില്ലക്കാരനായ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ പേര് പരിഗണിച്ചെങ്കിലും പേരാമ്പ്രയില്‍ മത്സരിക്കാനാണ് അഭിജിത്തിനു താല്‍പര്യം. കഴിഞ്ഞ രണ്ടുതവണയും ധര്‍മടത്തു മത്സരിച്ച കെപിസിസി നിര്‍വാഹക സമിതിയംഗം ഇത്തവണ മത്സരത്തിനില്ലെന്നു മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഡി.സി.സി സെക്രട്ടറി സി.രഘുനാഥിന്റെ പേരിനാണ് മുന്‍തൂക്കം. മത്സരിക്കാന്‍ തയ്യാറാണെന്ന് രഘുനാഥ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരായ മത്സരത്തിന് എഐസിസി വക്താവ് ഷമ മുഹമ്മദിനു താല്‍പര്യമുണ്ടെങ്കിലും ആ ചര്‍ച്ചയിലേക്കു കോണ്‍ഗ്രസ് നേതാക്കള്‍ കടന്നിട്ടില്ല. ജില്ലയിലെവിടെയും മറ്റൊരു വനിതാ സ്ഥാനാര്‍ഥിയില്ലെങ്കില്‍ ധര്‍മടത്തു ഷമയെ പരിഗണിച്ചു കൂടായ്കയില്ല.