‘ന്യായ് പദ്ധതി’: ഓരോ വീട്ടമ്മമാരുടേയും അക്കൗണ്ടിലേക്ക് മാസം ആറായിരം രൂപ; യുഡിഫ് ഉറപ്പു നൽകുന്നുവെന്ന് വി ഡി സതീശൻ

യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഓരോ വീട്ടമ്മമാരുടേയും അക്കൗണ്ടിലേക്ക് മാസം ആറായിരം രൂപ വീതം സർക്കാർ നിക്ഷേപിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി ഡി സതീശൻ. യുഡിഎഫിന്റെ ‘ന്യായ്’ വാഗ്ദാന പോസ്റ്റർ പറവൂർ എംഎൽഎ ഫേസ്ബുക്കിൽ പങ്കുവെച്ചു.
നാട് നന്നാകാൻ യുഡിഎഫ്, ഐശ്വര്യകേരളത്തിനായി വോട്ട് ചെയ്യാം യുഡിഎഫിന്, സംശുദ്ധം സദ്ഭരണം എന്നീ ക്യാപ്ഷനുകൾക്കൊപ്പം തൂമ്പയുമായി വയലിൽ നിൽക്കുന്ന സ്ത്രീയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി മുന്നോട്ടുവെച്ച പദ്ധതിയാണ് ന്യായ്. സാമൂഹിക ജനാധിപത്യ (സോഷ്യൽ ഡെമോക്രസി) മാതൃകയിലുള്ള പല സമ്പദ് വ്യവസ്ഥകളും നടപ്പാക്കാൻ ശ്രമിക്കുന്ന സാർവ്വദേശീയ അടിസ്ഥാന വരുമാന (യൂണിവേഴ്‌സൽ ബേസിക് ഇൻകം) പരിപാടിയുടെ മാതൃകയിലാണ് ന്യായ് രൂപപ്പെടുത്തിയിട്ടുള്ളത്.

ന്യായ് പദ്ധതി അപ്രായോഗികവും യാഥാർഥ്യബോധമില്ലാത്തതുമാണെന്ന് വിമർശനങ്ങളുണ്ട്. പദ്ധതിയ്ക്ക് വേണ്ട വിഭവ സമാഹരണവും യഥാർത്ഥ ഗുണഭോക്താക്കളെ കണ്ടെത്തലും എളുപ്പമല്ലെന്നാണ് പ്രധാന ആരോപണങ്ങളിലൊന്ന്. ആറായിരം രൂപം മാസം ലഭിക്കുന്ന സ്‌കീം ആയതിനാൽ ഒട്ടേറെപ്പേർ പദ്ധതിയിൽ അംഗമാകാൻ ശ്രമിക്കും. അതുകൊണ്ട് അർഹരായ ആളുകളെ കണ്ടെത്തുക എളുപ്പമായിരിക്കില്ല. പത്ത് ലക്ഷം കുടുംബങ്ങൾക്ക് പ്രതിവർഷം 72,000 രൂപ വീതം നൽകണമെങ്കിൽ 7200 കോടി രൂപ വേണ്ടി വരും.
എന്നാൽ സർക്കാർ ഇച്ഛാ ശക്തി കാണിച്ചാൽ നടത്തിപ്പ് അസാധ്യമല്ലെന്ന് സാമ്പത്തിക വിദഗ്ധരിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. സാധാരണക്കാർക്ക് നൽകുന്ന പണം മുഴുവനായും ചെലവഴിക്കപ്പെടുമെന്നും അത് സാമ്പത്തിക മേഖലയ്ക്ക് ഉണർവ് നൽകുമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. പാവപ്പെട്ടവർക്ക് നൽകുന്ന 6,000 രൂപയുടെ നല്ലൊരു ശതമാനം നികുതികളായി സർക്കാരിൽ തന്നെ തിരിച്ചെത്തുമെന്നും വിദ്ഗധർ ചൂണ്ടിക്കാണിക്കുന്നു.
യുഡിഎഫ് പ്രകടനപത്രിക അന്തിമഘട്ടത്തിലെത്തിയെന്ന് കെപിസിസി തെരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷൻ ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഘടകകക്ഷികളുമായി ആലോചിച്ച് രണ്ടുദിവസത്തിനകം പ്രകാശനം ചെയ്യുമെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു. ‘ഐശ്വര്യ കേരളം ലോകോത്തര കേരളം’ എന്നാണ് യുഡിഎഫ് മാനിഫെസ്റ്റോയുടെ തലവാചകം.