അംബാനിക്ക് ബോംബ് ഭീഷണി; കേന്ദ്ര നടപടിയില്‍ ദുരൂഹതയെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വസതിക്കുമുന്നില്‍ സ്ഫോടകവസ്തുക്കളുമായി വാഹനം കണ്ടെത്തിയ കേസിന്‍റെ തുടര്‍ന്നുള്ള നടപടികള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) ഏറ്റെടുത്തു. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ എന്‍.ഐ.എ. സംഘത്തിന് മഹാരാഷ്ട്ര പോലീസിന്റെ ക്രൈംബ്രാഞ്ച് മേധാവി കേസിന്റെ വിശദാംശങ്ങള്‍ കൈമാറി. ഇതിന് പുറകെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മഹാരാഷ്ട്ര പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസ് എന്‍.ഐ.എ.ക്കു കൈമാറിയ കേന്ദ്ര നടപടിയില്‍ ദുരൂഹതയുണ്ടെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രതികരിച്ചത്. അതെന്താണെന്ന് കണ്ടെത്തുമെന്നും താക്കറെ പറഞ്ഞു. അന്വേഷണം കൈമാറിയതില്‍ എതിര്‍പ്പുണ്ടെങ്കിലും എന്‍.ഐ. എ.യുമായി സഹകരിക്കുമെന്നാണ് ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖ് വ്യക്തമാക്കിയത്.
വാഹനം കണ്ടെത്തിയതിനെക്കുറിച്ചുള്ള അന്വേഷണം മഹാരാഷ്ട്ര സര്‍ക്കാര്‍ ഭീകരവിരുദ്ധസേനയെ (എ.ടി.എസ്.) ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ കേസ് എന്‍.ഐ.എ.യ്ക്ക് കൈമാറിയത്. എന്നാല്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മന്‍സുഖ് ഹിരേന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം എ.ടി.എസ്. തുടരും.
ഫെബ്രുവരി 17-ന് ഹിരേനിനെ മുംബൈയിലെത്തിച്ച ടാക്സി ഡ്രൈവറെ ചോദ്യം ചെയ്തു. തന്റെ സ്കോര്‍പ്പിയോ വാഹനം മോഷണം പോയെന്നാണ് ഹിരേന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്. ഈ വാഹനമാണ് സ്ഫോടകവസ്തുക്കളുമായി ഫെബ്രുവരി 25-ന് അംബാനിയുടെ വസതിയായ ആന്റിലിയയില്‍ നിന്ന് 600 മീറ്റര്‍ അകലെയുള്ള കാര്‍മൈക്കല്‍ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
ഏകദേശം 2.5 കിലോ വരെ തൂക്കം വരുന്ന 20 ജെലാറ്റിന്‍ സ്റ്റിക്കുകള്‍ നിറച്ച പച്ച സ്കോര്‍പിയോയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും അഭിസംബോധന ചെയ്ത ഭീഷണി കത്തും കണ്ടെത്തിയിരുന്നു. അന്വേഷണം ഏറ്റെടുത്ത കേന്ദ്ര ഏജന്‍സി സ്‌കോര്‍പിയോ പരിശോധിച്ച ശേഷം സംഭവ സ്ഥലവും സന്ദര്‍ശിച്ചു.