യുക്രെയ്ൻ യുദ്ധം; ട്രംപും- പുടിനും ഇന്ന് അലാസ്കയിൽ നേരിട്ട് കൂടിക്കാഴ്ച നടത്തും
യുക്രെയ്ൻ യുദ്ധത്തിൽ നിർണായക മുന്നേറ്റത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും ഇന്ന് അലാസ്കയിൽ നേരിട്ട് കൂടിക്കാഴ്ച നടത്തും. അലാസ്കയിലെ സൈനിക താവളത്തിലാണ് ഉച്ചകോടി നടക്കുന്നത്. നാല് വർഷത്തിന് ശേഷമാണ് റഷ്യയും അമേരിക്കയും രാഷ്ട്രത്തലവൻ തലത്തിൽ നേരിട്ടു കാണുന്നത്.
ചർച്ച വിജയകരമാകുന്നുവെങ്കിൽ റഷ്യയ്ക്കെതിരെ അമേരിക്ക ചുമത്തിയ ഉപരോധങ്ങളിൽ ഇളവുകൾ ഉണ്ടാകാനും, റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനോട് ബന്ധപ്പെട്ട് ഇന്ത്യയ്ക്കു നേരിടേണ്ടി വന്നിരുന്ന ശിക്ഷാ തീരുവകൾ പരിഗണനയ്ക്കെടുക്കാനും സാധ്യതയുണ്ട്. എന്നാൽ ചർച്ച പരാജയപ്പെടുകയാണെങ്കിൽ ഇന്ത്യയ്ക്കെതിരെ അധിക തീരുവകൾക്കും ഉപരോധങ്ങൾക്കും സാധ്യതയുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കിയിട്ടുണ്ട്.
ചർച്ചയ്ക്ക് മുമ്പ്, യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകാത്ത പക്ഷം റഷ്യ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പു നൽകി. സമാധാന കരാറിൽ ചില ഭൂഭാഗങ്ങളുടെ കൈമാറ്റവും ഉൾപ്പെടാമെന്ന് ട്രംപ് സൂചന നൽകിയെങ്കിലും, ഭൂമി വിട്ടുകൊടുക്കുന്ന ഒത്തുതീർപ്പിന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി തയ്യാറല്ലെന്ന് വ്യക്തമാക്കി.
Tag: Ukraine war; Trump and Putin to meet in person in Alaska today