international newsLatest News

”യുക്രെയ്ന്‍റെ ഭൂമി അധിനിവേശക്കാര്‍ക്ക് വിട്ടുനല്‍കില്ല”; പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലെന്‍സ്‌കി

യുക്രെയ്ന്‍റെ ഭൂമി അധിനിവേശക്കാര്‍ക്ക് വിട്ടുനല്‍കില്ലെന്ന് പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലെന്‍സ്‌കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും യുക്രെയ്ന്‍ യുദ്ധത്തെ കുറിച്ച് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് സെലെന്‍സ്‌കിയുടെ പ്രതികരണം.

റഷ്യയ്‌ക്കെതിരെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സെലെന്‍സ്‌കി വ്യക്തമാക്കി. ഓഗസ്റ്റ് 15-ന് അലാസ്‌കയിലാണ് ട്രംപും പുടിനും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക. കൂടിക്കാഴ്ച പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ട്രംപ്, യുദ്ധം അവസാനിപ്പിക്കാന്‍ യുക്രെയ്ന്‍ ചില പ്രദേശങ്ങള്‍ റഷ്യയ്ക്ക് വിട്ടുകൊടുക്കേണ്ടി വരുമെന്നാണ് പറഞ്ഞത്.

“യുക്രെയ്നുകാര്‍ അവരുടെ ഭൂമി അധിനിവേശക്കാര്‍ക്ക് നല്‍കുകയില്ല,” എന്ന് സെലെന്‍സ്‌കി ടെലിഗ്രാമില്‍ കുറിച്ചു. “യഥാര്‍ത്ഥവും ശാശ്വതവുമായ സമാധാനത്തിനായി ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. പക്ഷേ യുക്രെയ്ന്‍ ഇല്ലാതെ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയില്ല. യുക്രെയ്ന്‍റെ പ്രദേശങ്ങളെക്കുറിച്ചുള്ള ഉത്തരങ്ങള്‍ ഭരണഘടനയിലാണ്, അതില്‍ നിന്ന് ആര്‍ക്കും മാറി നടക്കാന്‍ സാധിക്കില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുക്രെയ്നെ പങ്കെടുപ്പിക്കാതെ നടത്തുന്ന ഏതൊരു തീരുമാനവും സമാധാനത്തിന് എതിരായ നടപടിയായിരിക്കുമെന്ന് സെലെന്‍സ്‌കി മുന്നറിയിപ്പ് നല്‍കി. ട്രംപ്, “രണ്ട് രാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന ചില പ്രദേശങ്ങളുടെ കൈമാറ്റം ഉണ്ടാകാം” എന്ന് പറഞ്ഞതിനു പിന്നാലെയായിരുന്നു സെലെന്‍സ്‌കിയുടെ ഈ പ്രതികരണം. കഴിഞ്ഞ മൂന്നര വര്‍ഷമായി പോരാട്ടം നടക്കുന്ന ഈ പ്രദേശത്ത് നിരവധി റഷ്യക്കാരും യുക്രെയ്നുകാരും കൊല്ലപ്പെട്ടതായി ട്രംപ് പറഞ്ഞിരുന്നു.

ഭൂമി വിട്ടുകൊടുത്ത് സമാധാനം നേടുക എന്ന ആശയത്തെ സെലെന്‍സ്‌കി മുന്‍പും ശക്തമായി എതിർത്തിരുന്നു. അത് യുക്രെയ്ന്‍റെ ഭരണഘടനയ്‌ക്കും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും വിരുദ്ധമാണെന്നും, യുദ്ധം തുടങ്ങിയതിന് റഷ്യയ്ക്ക് സമ്മാനം നല്‍കുന്നതിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 2022 ഫെബ്രുവരിയിലാണ് റഷ്യ പൂര്‍ണമായും അധിനിവേശ മനോഭാവത്തോടെ യുദ്ധം ആരംഭിച്ചത്.

Tag: “Ukrainian land will not be given to the invaders”; President Volodymyr Zelensky

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button