വാക്സിൻ ക്ഷാമം പരിഹരിക്കാൻ 12 കോടി ഡോസുകൾ അടുത്ത മാസം സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: സംസ്ഥാനങ്ങളിലെ കൊറോണ വാക്സിൻ ക്ഷാമം പരിഹരിക്കാൻ ശ്രമിക്കുന്നതായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി അടുത്ത മാസം 12 കോടി വാക്സിൻ ഡോസുകൾ കൂടി സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇതിൽ 6.09 കോടി വാക്സിൻ ഡോസുകൾ കേന്ദ്രം സൗജന്യമായി നൽകുമ്പോൾ ശേഷിക്കുന്ന 5.86 കോടി ഡോസ് വാക്സിൻ സംസ്ഥാനങ്ങൾ നേരിട്ട് സംഭരിക്കുണമെന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്നത്.
കൊറോണ രണ്ടാം ഘട്ട വ്യാപനം അതിരൂക്ഷമായി നേരിട്ട സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും വാക്സിനേഷൻ കൂടി പൂർത്തിയാക്കുന്ന പക്ഷം മാത്രമെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകു എന്നാണ് വിലയിരുത്തൽ. കൊറോണ രൂക്ഷമായ സംസ്ഥാനങ്ങൾ നിലവിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്.
ലോക്ഡൗൺ ഏർപ്പെടുത്തിയതടക്കമുള്ള സംസ്ഥാനങ്ങൾ വാക്സിൻ ക്ഷാമം നേരിടുന്നു. അതിനാൽ നിയന്ത്രണങ്ങൾക്കിടെ വാക്സിനേഷൻ വേഗത്തിലാക്കണമെന്നും കൂടുതൽ വാക്സിൻ അനുവദിക്കണമെന്നുമാണ് സംസ്ഥാനങ്ങളുടെ ആവശ്യം. വാക്സിൻ വിതരണം വേഗത്തിലാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്.
അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാകുന്നതടക്കമുള്ള കൂടുതൽ വാക്സിനുകൾക്ക് അനുമതി നൽകുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് കേന്ദ്രം സ്വീകരിച്ചുവരുന്നത്. വിദേശരാജ്യങ്ങളിൽ വിജയകരമായി നൽകി വരുന്ന വാക്സിനുകൾ തദ്ദേശീയ പരീക്ഷണത്തിന് വിധേയമാകാതെ തന്നെ അടിയന്തര ഉപയോഗത്തിന് രാജ്യത്ത് അനുമതി നൽകുന്നതിനുള്ള മാർഗങ്ങളാണ് സർക്കാർ തേടുന്നത്.
ഈ വർഷം ഡിസംബറോടെ വാക്സിനേഷൻ രാജ്യത്ത് പൂർത്തിയാക്കുമെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ഇതിനായി വാക്സിനുകളുടെ ഉൽപ്പാദനം വർധിപ്പിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.