ചെലവ് താങ്ങാനാകുന്നില്ല; ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി റിനോ

ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റിനോ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ്. ഫിനാൻസ്, മാർക്കറ്റിങ്, മനുഷ്യ വിഭവശേഷി തുടങ്ങിയ വിഭാഗങ്ങളിലായി വിവിധ രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന 3000-ത്തിലധികം ജീവനക്കാരെയാണ് ഒഴിവാക്കാൻ പദ്ധതി. ഇതോടെ നിലവിലെ ജീവനക്കാരുടെ എണ്ണത്തിൽ ഏകദേശം 15 ശതമാനം കുറവ് വരാനിടയുണ്ട്. ഫ്രഞ്ച് ദിനപത്രമായ ലഫോം ആണ് ഈ വിവരം പുറത്തുവിട്ടത്. എ.എഫ്.പി.യും ഇതിനെ കുറിച്ച് റിപ്പോർട്ട് ചെയ്തു.
എത്ര പേരെ കുറക്കണമെന്ന അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും, എന്നാൽ ചെലവ് കുറയ്ക്കുക ലക്ഷ്യമാണെന്നും റിനോ വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ടാരിഫ് വർധനയെ തുടർന്ന് പല വാഹന നിർമാതാക്കളും പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് റിനോയുടെ നീക്കം. റിനോ യു.എസ്. വിപണിയിൽ കാറുകൾ വിൽക്കാത്തതിനാൽ ടാരിഫ് വർധന നേരിട്ട് ബാധിക്കില്ല. എന്നാൽ യു.എസ്. വിപണിയിൽ നിന്ന് പിന്തിരിഞ്ഞ കമ്പനികൾ യൂറോപ്പിൽ കൂടി പ്രവേശിക്കുന്നതിനാൽ മത്സരം ശക്തമാകുമെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. ഇതിന് പുറമെ, ചൈനീസ് ഇലക്ട്രിക്, ഹൈബ്രിഡ് കാർ നിർമ്മാതാക്കളിൽ നിന്ന് വരുന്ന കടുത്ത മത്സരവും റിനോയെ പ്രതിസന്ധിയിലാക്കി.
റിനോയുടെ 70 ശതമാനം വിൽപ്പനയും യൂറോപ്പിലാണ്. 2027 ഓടെ ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ 3.4 ബില്യൺ ഡോളർ (ഏകദേശം ₹28,220 കോടി) നിക്ഷേപിച്ച് എട്ട് പുതിയ കാറുകൾ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
Tag: Unable to afford costs; Renault prepares to lay off thousands of employees