ഫീസ് വർധന താങ്ങാനാവുന്നില്ല; വെള്ളായണി സർക്കാർ കാർഷിക കോളേജിലെ പഠനം നിർത്തി വിദ്യാർത്ഥി

വെള്ളായണി സർക്കാർ കാർഷിക കോളേജിലെ ഫീസ് വർധന താങ്ങാനാവാതെ ഒരു വിദ്യാർത്ഥി പഠനം നിർത്തി. തിരുവനന്തപുരം വെള്ളായണിയിലെ കോളേജിന് മുന്നിൽ നിന്നുകൊണ്ട് തന്റെ നിസ്സഹായാവസ്ഥ വിവരിച്ച വീഡിയോയിലൂടെ താമരശ്ശേരി സ്വദേശിയായ അർജുന് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചര്ച്ചാവിഷയമായിരിക്കുകയാണ്.
പുതിയ ഫീസിൽ കോഴ്സ് തുടരാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് അർജുന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) വാങ്ങിയത്. “സർക്കാർ കോളേജിൽ പഠിക്കുന്ന ഞങ്ങൾക്കു സ്വകാര്യ സ്ഥാപനങ്ങളിലെ പോലെ ഫീസ് ഈടാക്കുന്നത് എങ്ങനെ ന്യായമാണെന്ന് മനസ്സിലാകുന്നില്ല. എനിക്കു മാത്രമല്ല, എന്റെ പോലെയുള്ള നിരവധി വിദ്യാർത്ഥികൾക്കും ഈ ഫീസ് താങ്ങാനാവില്ല,” എന്ന് വീഡിയോയിൽ അർജുന് പറയുന്നു.
വിജ്ഞാപനത്തിൽ സെമസ്റ്റർ ഫീസ് ₹15,000 ആണെന്ന് കണ്ടാണ് കാർഷിക ശാസ്ത്രത്തിൽ മുഖ്യവിഷയവുമായി പ്ലസ് ടു പഠിച്ച അർജുന് ബിരുദ കോഴ്സിന് അപേക്ഷിച്ചത്. നല്ല റാങ്ക് നേടി മെറിറ്റിൽ വെള്ളായണി കാർഷിക കോളേജിൽ പ്രവേശനം ലഭിച്ചതോടെ വലിയ പ്രതീക്ഷകളോടെയാണ് പഠനം ആരംഭിച്ചത്. എന്നാൽ ചേർന്നതിനു പിന്നാലെയാണ് ഫീസ് അപ്രതീക്ഷിതമായി ₹50,000 ആയി വർധിച്ചതെന്നു അർജുന് പറയുന്നു.
താമരശ്ശേരി പുതുപ്പാടിയിലെ വാണിക്കര വീട്ടിൽ നിന്നുള്ള അർജുന്റെ മാതാപിതാക്കളായ സത്യരാജനും ബീനയും ചെറുകിട കർഷകരാണ്. ബാല്യകാലംമുതൽ കൃഷിയോടുള്ള അടുപ്പം മൂലമാണ് കാർഷിക പഠനം തെരഞ്ഞെടുത്തത്. എന്നാൽ ഇപ്പോഴത്തെ ഫീസ് ഘടന മൂലം സ്വപ്നങ്ങൾ വഴിമാറി.
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തൃശൂർ, തിരുവനന്തപുരം, വയനാട്, കാസർഗോഡ് ജില്ലകളിലെ കോളേജുകളിലായി നാനൂറിലധികം വിദ്യാർത്ഥികളാണ് ഇപ്പോൾ ബിഎസ്സി അഗ്രിക്കൾച്ചർ പഠിക്കുന്നത്. ഫീസ് വർധനയെ തുടർന്നു ഒരു വിദ്യാർത്ഥി കോഴ്സ് പൂർത്തിയാക്കാൻ ഏകദേശം നാല് ലക്ഷം രൂപ ചെലവാകുമെന്നാണ് കണക്ക്. ഇതിനു പുറമെ ഹോസ്റ്റൽ ഫീസും മറ്റ് ചെലവുകളും കൂടി ബാധകമായിരിക്കും.
Tag: Unable to afford fee hike; Student stops studying at Vellayani government agricultural college



