കണക്കിൽപ്പെടാത്തസ്വത്ത്; അന്വേഷണ സമിതിയുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
കണക്കിൽപ്പെടാത്തസ്വത്തുമായി ബന്ധപ്പെട്ട വിവാദത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് സുപ്രീംകോടതിയുടെ തിരിച്ചടി. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യവുമായി അദ്ദേഹം സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
ജസ്റ്റിസ് ദീപാങ്കർ ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സമിതിയുടെ രൂപീകരണവും നടപടി ക്രമങ്ങളും നിയമപരമാണെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ പ്രവർത്തനങ്ങൾ ആത്മവിശ്വാസം തരുന്നതല്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും സമർപ്പിച്ച റിപ്പോർട്ട് ഭരണഘടനാ വിരുദ്ധമല്ലെന്നും, ഹർജിക്കാരന്റെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സമിതിയുടെ അന്വേഷണം സമാന്തര നിയമ നടപടികളായി കാണാനാകില്ലെന്നും ഉത്തരവിൽ കോടതി പറഞ്ഞു.
ഫോട്ടോകളും വീഡിയോകളും അപ്ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് കോടതി ചില ആശങ്കകൾ പ്രകടിപ്പിച്ചെങ്കിലും, അതിനിടെ യാതൊരു എതിർപ്പ് നിലനില്ക്കുന്നുണ്ടായിരുന്നില്ലെന്ന് നിരീക്ഷിക്കപ്പെട്ടു.
ഇതോടെ ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഹർജി മുഴുവൻ തള്ളിയ സുപ്രീംകോടതി, നേരത്തെ തന്നെ അദ്ദേഹത്തിന്റെ സമീപനത്തിൽ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇപ്പോഴത്തെ വിധിയോടെ, ജസ്റ്റിസിന് എതിരെ ഇംപീച്ച്‌മെന്റ് നടപടിയുമായി കേന്ദ്രം മുന്നോട്ടുപോകാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.
Tag: Unaccounted wealth: Supreme Court rejects plea to quash inquiry committee report