അനധികൃത സ്റ്റേജ് ക്യാരേജ് ബസുകള്‍ക്ക് താഴ് വീഴും;കെ.എസ്.ആര്‍.ടി.സി ഫീഡര്‍ സര്‍വീസുകള്‍ തുടങ്ങുന്നു.

കൂടുതൽ ഫീഡർ സർവീസുകൾ ആരംഭിച്ച്
അനധികൃത സ്റ്റേജ് ക്യാരേജ് സർവീസുകൾക്ക് പൂട്ടിടാൻ കെ.എസ്.ആർ.ടി.സി. ഒരുങ്ങുന്നു.
ഫീഡർ സർവീസുകൾ ആരംഭിക്കുന്നതിനായി സാധ്യതാ പഠനത്തിനുള്ള തയ്യാറെടുപ്പിലാണ് കോർപ്പറേഷൻ. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള യൂണിറ്റുകളിൽനിന്ന് വിവരങ്ങൾ തേടും.
പ്രാഥമിക പഠനത്തിനു ശേഷം പരീക്ഷണാടി
സ്ഥാനത്തിൽ സർവീസ് ആരംഭിക്കാനാണ് ആലോചന.
ആദ്യഘട്ടമെന്ന നിലയിൽ പാരലൽ
സർവീസുകൾ കൂടുതലുള്ള തിരുവനന്ത
പുരത്തെ യൂണിറ്റുകളിലെ വിവരങ്ങളാണ് ശേഖരിച്ചിട്ടുള്ളത്. നെയ്യാറ്റിൻകര, വിഴിഞ്ഞം, പാറശ്ശാല, പൂവ്വാർ, കാട്ടാക്കട തുടങ്ങിയ യൂണിറ്റുകളിൽ നിന്നുള്ള വിവരങ്ങളാണ് ഇതിനായി തേടിയിരിക്കുന്നത്.
കെ.എസ്.ആർ.ടി.സി. സർവീസ് നടത്തിവരുന്ന സെക്ടറുകളിലെ പ്രധാന സ്റ്റോപ്പുകളിലേക്ക് പരമാവധി യാത്രക്കാരെ ഫീഡർ വഴി എത്തിക്കുകയാണ് ലക്ഷ്യം. ഇടറോഡുകളിൽ നിന്ന് യാത്രക്കാർ കൂടുതൽ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളിലേക്ക് ഫീഡർ സർവീസ് ആരംഭിക്കുന്നതിന് ആലോചനയുണ്ട്.
ഏതെല്ലാം റൂട്ടുകളിലാണ് ഫീഡർ സർവീസ് ആരംഭിക്കാൻ അനുകൂലം, എത്ര വീതം സീറ്റുകളുള്ള വാഹനങ്ങളാകും സർവീസ് തുടങ്ങാൻ ആവശ്യമായി വരിക, എങ്ങനെയാണ് ഇവ കെ.എസ്.ആർ.ടി.സി. സർവീസ് നടത്തുന്ന ബസുകളുമായി ബന്ധപ്പെടുത്താനാകുക, ഏത് സമയമാണ് ഫീഡർ അനുയോജ്യം എന്നിവയും പഠനത്തിന്റെ ഭാഗമായി പരിശോധിക്കും
ഇതോടൊപ്പം ലേലം, പാട്ടം തുടങ്ങി ഏത് രീതിയിൽ ഫീഡർ സർവീസ് ആരംഭിക്കുന്നതാണ് അനുകൂലം തുടങ്ങിയ വിവരങ്ങളും യൂണിറ്റുകളിൽനിന്ന് ശേഖരിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി.യുടെ ഫീഡർ സർവീസ് വാഹനങ്ങൾക്ക് പ്രത്യേക നിറം നൽകേണ്ടതുണ്ടോ എന്നും കെ.എസ്.ആർ.ടി.സി. ആലോചിക്കുന്നുണ്ട്.
കോവിഡിന്റെ സാഹചര്യത്തിൽ നിലവിൽ അനധികൃത സ്റ്റേജ് ക്യാരേജ് സർവീസുകൾ അടക്കം നിലച്ചിരിക്കുകയാണ്. പുതിയ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി. ഫീഡറുമായി രംഗത്തെത്തിയാൽ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.