എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷ തീയതിയില്‍ അനിശ്ചിതത്വം തുടരുന്നു

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷകളുടെ തീയതിയില്‍ അനിശ്ചിതത്വം തുടരുന്നു. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പൊതുപരീക്ഷകള്‍ നീട്ടുമോ എന്നതില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. നീട്ടാന്‍ അനുമതി തേടിയുള്ള സര്‍ക്കാരിന്റെ അപേക്ഷ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു വിട്ടു.
അപേക്ഷ പരിശോധിച്ച കമ്മിഷന്‍ പുതുതായി ഉദ്ദേശിക്കുന്ന പരീക്ഷാ തീയതിയും പോളിങ് ബൂത്തുകളായ സ്‌കൂളുകളുടെ വിവരങ്ങളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചയോടെ ആ വിവരങ്ങള്‍ കൈമാറിയെങ്കിലും മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല.
നേരത്തേ നിശ്ചയിച്ചതു പ്രകാരമാണെങ്കില്‍ അടുത്ത ബുധനാഴ്ചയാണ് പരീക്ഷകള്‍ തുടങ്ങേണ്ടത്. അങ്ങനെയെങ്കില്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ മുഴുകേണ്ട സമയമായി. വിദ്യാര്‍ത്ഥികളെ മാനസിക സമ്മര്‍ദത്തിലാക്കുംവിധം തീരുമാനം നീണ്ടതില്‍ രക്ഷിതാക്കള്‍ക്കും പ്രതിഷേധമുണ്ട്.