ആകാശത്ത് അജ്ഞാത ഡ്രോണുകൾ; ഏഴു മണിക്കൂറോളം അടച്ചിട്ട് ജർമ്മനിയിലെ മ്യൂണിക് വിമാനത്താവളം

അജ്ഞാത ഡ്രോണുകൾ ആകാശത്ത് പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ഏഴു മണിക്കൂറോളം അടച്ചിട്ട് ജർമ്മനിയിലെ മ്യൂണിക് വിമാനത്താവളം. രാജ്യത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ഇവിടെ ഇറങ്ങാനിരുന്ന 15 വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. വ്യാഴാഴ്ച രാത്രി 11 മണിയോടെ ഡ്രോണുകൾ കൂട്ടമായി പറന്നെത്തിയതാണ് നടപടിക്കു കാരണമായത്.
വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ വിമാന സർവീസുകൾ പുനഃസ്ഥാപിച്ചു. ഇതുവരെ 19 വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതായി ജർമ്മനിയിലെ പ്രമുഖ എയർലൈൻ ആയ ലുഫ്താൻസ അറിയിച്ചു. ഇതിൽ ഏഷ്യയിലേക്കുള്ള മൂന്ന് ദീർഘദൂര സർവീസുകളും ഉൾപ്പെട്ടിരുന്നു. അവ പിന്നീട് പുതുക്കി ക്രമീകരിക്കുമെന്ന് കമ്പനി അറിയിച്ചു.
വിമാനത്താവളം അടഞ്ഞതോടെ നിരവധി യാത്രക്കാർ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടു. രാത്രിയായതിനാൽ പ്രശ്നം കൂടുതൽ രൂക്ഷമായതായി അവർ വാർത്താ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോൾ മ്യൂണിക്കിൽ പ്രശസ്തമായ ഒക്ടോബർ ഫെസ്റ്റ് നടക്കുന്നതിനാൽ യാത്രക്കാരുടെ തിരക്ക് സാധാരണത്തേക്കാൾ കൂടുതലായിരുന്നു.
ഡ്രോൺ ഭീഷണിയെ തുടർന്ന് അടയ്ക്കേണ്ടിവന്ന യൂറോപ്പിലെ ഏറ്റവും പുതിയ വിമാനത്താവളമാണ് മ്യൂണിക്. ഇതിനുമുമ്പ് ഡെൻമാർക്കും നോർവേയിലും ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത് വിമാനത്താവളങ്ങളെ മണിക്കൂറുകളോളം പ്രവർത്തനരഹിതമാക്കാൻ കാരണമായിരുന്നു. തുടർന്ന് ഡെൻമാർക്ക് തന്റെ വ്യോമാതിർത്തിയിൽ ഡ്രോൺ പറക്കുന്നത് പൂർണ്ണമായി നിരോധിച്ചു.
സെപ്റ്റംബർ അവസാനം റുമാനിയയിലും പോളണ്ടിലും ഡ്രോൺ കണ്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അതേസമയം റഷ്യൻ യുദ്ധവിമാനങ്ങൾ എസ്‌തോണിയയുടെ വ്യോമാതിർത്തി ലംഘിച്ചെന്നാരോപണവും ഉയർന്നു. ഈ സംഭവങ്ങൾക്കു പിന്നിൽ റഷ്യയാണെന്നാണു നാറ്റോ രാജ്യങ്ങളുടെ സംശയം. എന്നാൽ, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ ഈ ആരോപണങ്ങളെ പരിഹസിച്ച് തള്ളി.
Tag: Unidentified drones in the sky; Munich airport in Germany closed for seven hours