സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഇനി ഏകീകൃത ഷിഫ്റ്റ് സംവിധാനം; ഓവർടൈം അലവൻസ് നൽകും

സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലക്കം ജീവനക്കാരുടെയും, നഴ്സുമാരുള്പ്പെടെയുള്ളവരുടെ ജോലി സമയവുമായി ബന്ധപ്പെട്ട് സർക്കാർ പുതിയ ഉത്തരവിറക്കി. ആശുപത്രിയിലെ കിടക്കകളുടെ എണ്ണമനുസരിച്ച് വ്യത്യാസമില്ലാതെ, എല്ലാ സ്ഥാപനങ്ങൾക്കും ഒരേ ഡ്യൂട്ടി സമയം നിശ്ചയിച്ചിരിക്കുന്നു. ഇതോടെ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും ഒരേ ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വരും.
തൊഴിൽ വകുപ്പ് പുറത്തിറക്കിയ ഉത്തരവനുസരിച്ച്, എല്ലാ ജീവനക്കാരും 6-6-12 മണിക്കൂർ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിക്കണം. അധികസമയം ജോലി ചെയ്യുന്നവർക്ക് ഓവർടൈം അലവൻസ് നൽകണം. മാസത്തിൽ 208 മണിക്കൂറിന് മുകളിൽ ജോലി ചെയ്താൽ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.
വി. വീരകുമാർ കമ്മിറ്റിയുടെ ശുപാർശയെ അടിസ്ഥാനമാക്കി 2021-ൽ പുറത്തിറക്കിയ ഉത്തരവാണ് ഇപ്പോൾ എല്ലാ സ്വകാര്യ ആശുപത്രികൾക്കും ബാധകമാക്കിയത്. ഇതുവരെ 100 കിടക്കകൾക്കു മുകളിലുള്ള ആശുപത്രികളിൽ മാത്രമാണ് പകൽ ആറു മണിക്കൂറും രാത്രി പന്ത്രണ്ടു മണിക്കൂറുമെന്ന ഷിഫ്റ്റ് സംവിധാനം ഉണ്ടായിരുന്നത്. പുതിയ ഉത്തരവോടെ, കിടക്കകളുടെ എണ്ണമനുസരിച്ച് വ്യത്യാസം ഇല്ലാതെയായി എല്ലാ ആശുപത്രികളിലും ഈ സംവിധാനം പ്രാബല്യത്തിൽ വരും.
നഴ്സുമാരുടെ സമരത്തെത്തുടർന്ന് സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ ജോലിസമയം സംബന്ധിച്ച് പഠനം നടത്താൻ 2012 നവംബറിൽ മുൻ ജോയിന്റ് ലേബർ കമ്മീഷണർ വി. വീരകുമാർ അധ്യക്ഷനായ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരുന്നു.
Tag: Unified shift system in government and private hospitals; overtime allowance will be given