കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള കരട് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നതിനായി ഒറ്റ ബില്ലാണ് കൊണ്ടുവരുന്നത്. ബില്‍ ഈ വരുന്ന 29ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഇതുള്‍പ്പടെ 26 ബില്ലുകളാണ് ശൈത്യകാല സമ്മേളനം ആരംഭിക്കുമ്പോള്‍ അവതരിപ്പിക്കുക. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗത്തിലാണ് കരട് ബില്ലിന് അംഗീകാരം നല്‍കിയത്.
താങ്ങുവില സംബന്ധിച്ച് നിയമപരമായ ഉറപ്പ് ലഭിക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. നവംബര്‍ 29ന് പാര്‍ലമെന്റിലേക്ക് 60 ട്രാക്ടറുകളുടെ റാലി നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. ആയിരം പേര്‍ റാലിയില്‍ പങ്കെടുക്കും. കര്‍ഷകരുടെ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍ താങ്ങുവില നിയമപരമായി ഉറപ്പാക്കാനാണ് സാധ്യത.
നിയമപരമായ ഉത്തരവായോ മാര്‍ഗനിര്‍ദേശമായോ താങ്ങുവിലയില്‍ തീരുമാനം എടുക്കാനുള്ള കാര്യത്തില്‍ കൃഷിമന്ത്രാലയത്തില്‍ ആലോചനകള്‍ നടക്കുകയാണ്. പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ച് രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ നിയമം റദ്ദാകും. കഴിഞ്ഞ ആഴ്ചയാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചത്.