കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധൻ നടത്തിയ പരാമര്‍ശം രാഷ്ട്രീയ പ്രേരിതമല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധത്തെക്കുറിച്ചു കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധൻ നടത്തിയ പരാമര്‍ശം രാഷ്ട്രീയ പ്രേരിതമല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പരാമര്‍ശത്തെ തുടർന്ന് ഹര്‍ഷവര്‍ധനുമായി നേരിട്ട് ഫോണില്‍ കാര്യങ്ങൾ സംസാരിക്കുകയും അദ്ദേഹം ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയിട്ടുണ്ടെന്നും കെ.കെ. ശൈലജ പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യമൊന്നുമില്ലാതെ തന്നെ കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെ നേരത്തെ കേന്ദ്രമന്ത്രി അഭിനന്ദിക്കുകയും ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്തിരുന്നതാണ്. ഈ സാഹചര്യത്തിലാണ് ഹര്‍ഷവര്‍ധനെ നേരിട്ട് ഫോണിൽ ബന്ധപ്പെട്ടത്. പരാമര്‍ശത്തില്‍ അദ്ദേഹം വ്യക്തത വരുത്തിയെന്നും ആരോഗ്യമന്ത്രി പറയുകയുണ്ടായി.
സണ്‍ഡേ ടൈംസിന്റെ പരിപാടിയില്‍ കേരളത്തില്‍ ആദ്യം കൊവിഡിനെ നിയന്ത്രിക്കുകയും പിന്നീട് കേസുകള്‍ കൂടാനുമുണ്ടായ സാഹചര്യത്തെക്കുറിച്ച് ഉത്തര്‍പ്രദേശിലെ ഒരു പ്രതിനിധി് ചോദിച്ച ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു ഹര്‍ഷവര്‍ധന്റെ പരാമര്‍ശം ഉണ്ടായത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനും ഞാനും മുമ്പ് പറഞ്ഞതാണെന്നും കെ.കെ ശൈലജ പറഞ്ഞു.
‘ഓണാഘോഷവുമായി ബന്ധപ്പെട്ട് ആളുകള്‍ കൂട്ടം കൂടിയതിനാൽ കേരളത്തില്‍ വീണ്ടും കൊവിഡ് കേസ് വര്‍ധിച്ചിട്ടുണ്ട്. ഇത് മറ്റ് പ്രദേശങ്ങള്‍ക്ക് ഒരു അനുഭവപാഠമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ ഉത്സവങ്ങളും ആഘോഷങ്ങളും ഒക്കെ നടക്കാനിരിക്കെ ആളുകളുടെ കൂടിച്ചേരല്‍ ഇല്ലാതിരിക്കാന്‍ നന്നായി ശ്രദ്ധിക്കണമെന്ന അര്‍ത്ഥത്തിലാണ് അങ്ങനെ പറഞ്ഞതെന്നാണ് ഹര്‍ഷവര്‍ധന്‍ ജി എന്നോട് പറഞ്ഞത്. ഇതിനെ നമ്മള്‍ പൂര്‍ണമായും അനുകൂലിക്കുകയാണ്. കാരണം ഇത് കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്,’ കെ.കെ.ശൈലജ പറഞ്ഞു.