“ഇതാണോ ആറ്റം ബോംബ്?”; രാഹുൽ ഗാന്ധിയുടെ “സർക്കാർ ചോരി” ആരോപണത്തിന് കടുത്ത മറുപടിയുമായി കേന്ദ്രമന്ത്രി കിരൺ റിജിജു

ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ “സർക്കാർ ചോരി” ആരോപണത്തിന് കടുത്ത മറുപടിയുമായി കേന്ദ്രമന്ത്രി കിരൺ റിജിജു രംഗത്തെത്തി. “ഇതാണോ ആറ്റം ബോംബ്?” എന്ന് ചോദിച്ച് രാഹുലിനെ പരിഹസിച്ച റിജിജു, തോൽവി അംഗീകരിക്കുന്നതാണ് ജനാധിപത്യത്തിന്റെ മര്യാദയെന്നും പറഞ്ഞു. പാഠം പഠിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുകയാണ് രാഹുലിന്റെ പതിവെന്നും അദ്ദേഹം ആരോപിച്ചു.
“തെരഞ്ഞെടുപ്പിൽ തോറ്റാൽ വോട്ടിങ് മെഷീനും കമ്മീഷനുമാണ് കോൺഗ്രസിന്റെ ലക്ഷ്യം. രാഹുൽ നേതാവായിരിക്കുന്നിടത്തോളം പാർട്ടി ജയിക്കില്ലെന്ന് കോൺഗ്രസ് നേതാക്കളേ തന്നെ പറയുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർണ്ണമായും സുതാര്യമാണ്, കള്ളത്തരം ഒഴിവാക്കാൻ കർശനമായ പരിശോധന നടക്കുന്നു. കോൺഗ്രസിന്റെ പോളിങ് ഏജന്റുകൾ എവിടെയും കള്ളവോട്ട് റിപ്പോർട്ട് ചെയ്തിട്ടില്ല,” റിജിജു വ്യക്തമാക്കി.
വിദേശത്ത് പോയി രാജ്യത്തെ അപമാനിക്കുന്നതാണ് രാഹുലിന്റെ പതിവെന്നും ജനങ്ങളെ കാണാതെ ലോകം ചുറ്റിയാൽ തോൽവി ഉറപ്പാണെന്നും റിജിജു വിമർശിച്ചു. ബിഹാറിൽ കോൺഗ്രസ് ജയിക്കില്ലെന്ന് അറിയാമായിരുന്നതിനാലാണ് രാഹുൽ ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
“വിദേശ ശക്തികളുടെ നിർദ്ദേശപ്രകാരമാണ് രാഹുൽ പ്രവർത്തിക്കുന്നത്. ഹരിയാനയിൽ കോൺഗ്രസ് തോൽക്കുമെന്ന് പാർട്ടി നേതാക്കൾ തന്നെ മുൻകൂട്ടി പറഞ്ഞിരുന്നു. വോട്ടെടുപ്പിന് ശേഷവും പരാതിപ്പെടാൻ സമയമുണ്ടായിരുന്നു, കോടതിയെ സമീപിക്കാനും അവസരമുണ്ട്. കേരളം, തമിഴ്നാട്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഞങ്ങളുടെ എതിര്‍പാര്‍ട്ടികൾ പല തവണ വിജയിച്ചു—പക്ഷേ ഞങ്ങൾ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല,” റിജിജു ചൂണ്ടിക്കാട്ടി. “യുവാക്കളും ജെൻസി തലമുറയും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പമാണെന്നതാണ് യാഥാർത്ഥ്യം,” എന്നും റിജിജു വ്യക്തമാക്കി.
TAG: Kiran Rijiju against Rahul Gandhi on Sarkar Chori allegation



