കേന്ദ്രമന്ത്രി ശ്രീപദ് നായ്ക്കിന് അപകടത്തിൽ പരുക്ക്; ഭാര്യയും പേഴ്‌സണൽ സെക്രട്ടറിയും മരിച്ചു.

ന്യൂഡൽഹി/ കർണാടകയിലുണ്ടായ കാർ അപകടത്തിൽ കേന്ദ്ര ആയുഷ്, പ്രതിരോധ സഹമന്ത്രി ശ്രീപദ് നായ്ക്കിന് ഗുരുതരമായ പരുക്ക്. അപകടത്തിൽ അദ്ദേഹത്തിന്റെ ഭാര്യ വിജയയും പേഴ്‌സണൽ സെക്രട്ടറി ദീപക്കും മരിച്ചതായിട്ടാണ് റിപ്പോർട്ട്.

അപകടത്തെത്തുടർന്ന് മൂന്നു പേരെയും ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഉത്തര കന്നഡ ജില്ലയിലെ അങ്കോളയിലാണ് അപകടമുണ്ടായത്. യെല്ലാപൂരിൽനിന്ന് ഗോകർണയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. അപകടത്തിൽപ്പെട്ട കാർ പാടെ തകർന്ന നിലയിലാണ്.

പ്രതിരോധ സഹമന്ത്രി ശ്രീപദ് നായ്ക്ക് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. അപകടവിവരമറിഞ്ഞയുടൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കുകയും, നായ്ക്കിന് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്ന് നിർദേശിക്കുകയും ഉണ്ടായി. ഗോവയിൽനിന്നുള്ള ബിജെപി എംപിയാണ് 68 കാരനായ നായ്ക്. നായ്ക്കിന്റെ ഭാര്യയുടെ മരണത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയും അനുശോചനം രേഖപ്പെടുത്തുകയുണ്ടായി.
